സന: വധശിക്ഷ കാത്ത് യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ദയാധനം ചർച്ചകൾക്കായി എംബസി ഉദ്യോഗസ്ഥർ കണ്ടു. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുബാംഗങ്ങളുമായുള്ള ചർച്ചയും ആരംഭിച്ചു. അവർ പറയുന്ന ദയാധനം നൽകി നിമിഷയെ മോചിപ്പിക്കുന്ന തലത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
ശുഭാപ്തി വിശ്വാസമുണ്ടെന്നു കൂടിക്കാഴ്ചയ്ക്കിടെ നിമിഷ പറഞ്ഞു. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമർപ്പിച്ച അപ്പീൽ ഓഗസ്റ്റ് 26ന് കോടതി ഫയലിൽ സ്വീകരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്. 90 ദിവസത്തിനകം നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷയ്ക്ക് എതിരെ ഇനി നിമിഷയുടെ അഭിഭാഷകർ യെമൻ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യൽ കൗൺസിലിനു മുന്നിൽ വാദിക്കണം.
യെമൻ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ച കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. 2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ തലാൽ അബ്ദു മഹ്ദി എന്ന യെമൻ പൗരന്റെ സഹായം നിമിഷ തേടിയിരുന്നു. ക്ലിനിക്കിലെ പണം തലാൽ തട്ടിയെടുത്തതു ചോദ്യം ചെയ്തതു ശത്രുതയ്ക്കിടയാക്കി. പിന്നീട് ഭീഷണിപ്പെടുത്തി വ്യാജരേഖകൾ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്തു ക്രൂരമായി പീഡിപ്പിച്ചു.പാസ്പോർട്ട് പിടിച്ചുവയ്ക്കുക, നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങൾക്ക് നിമിഷ ഇരയായി. കൊലയ്ക്കു കൂട്ടുനിന്ന നഴ്സ് ഹനാൻ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
യെമൻ പൗരന്റെ ക്രൂരമർദനം സഹിക്കാൻ കഴിയാതെ അവിടെനിന്ന് രക്ഷപ്പെടാൻ വേണ്ടിയാകണം മകൾ ഇങ്ങനെ ചെയ്തതെന്ന് നിമിഷയുടെ അമ്മയും നേരത്തെ പ്രതികരിച്ചിരുന്നു. കേസിൽ വധശിക്ഷ നടപ്പാക്കുന്നത് യെമനിലെ ഉന്നതകോടതി ഓഗസ്റ്റിൽ സ്റ്റേ ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നുള്ള ഹർജി പരിഗണിച്ചാണ് ഉന്നത കോടതി സ്റ്റേ അനുവദിച്ചത്.