195 രാജ്യങ്ങളും മനപ്പാഠമാക്കി കൊച്ചുമിടുക്കൻ; റെക്കോർഡ് നേട്ടം

ദുബായ്: ലോകത്ത് എത്ര രാജ്യങ്ങളുണ്ടെന്ന് എത്ര പേര്‍ക്കറിയാം ? എന്നാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും മാപ്പ് ഉപയോഗിച്ച്‌ വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കൈക്കലാക്കിയിരിക്കുകയാണ് ശ്രേയസ് അരുണ്‍ കുമാര്‍ എന്ന ഏഴു വയസുകാരന്‍.

റാസ് അല്‍ ഖൈമ സ്കോളേഴ്സ് സ്കൂളില ‌ ഇന്ത്യന്‍ സ്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ഈ കൊച്ച്‌ മിടുക്കന് നാല് മിനിറ്റ് 54 സെക്കന്‍ഡിനുള്ളില്‍ രൂപം മനസിലാക്കി 195 രാജ്യങ്ങള്‍ ഏതാണെന്ന് പറയാന്‍ കഴിയും. ഇത് കൊണ്ട് തീരുന്നില്ല ശ്രേയസിന്റെ ഓര്‍മശക്തി.

കൂടാതെ വിവിധ ലോകരാജ്യങ്ങളുടെ പാതകകളും കാണാപ്പാഠമാണ്.വെറും 6 മാസങ്ങള്‍ക്ക് മുന്‍പാണ് മകന്റെ കഴിവ് മാതാപിതാക്കളായ അരുണ്‍ കുമാറും ലക്ഷ്മിയും മനസിലാക്കിയത്.തുടര്‍ന്ന് ഇവര്‍ പ്രോല്‍സാഹനവുമായി മകന് ഒപ്പം നിന്നു.

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ശ്രേയസിപ്പോള്‍. എല്ലാ കുട്ടികളിലും ഓരോ കഴിവുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അവ മനസിലാക്കി പുറത്തെടുക്കുന്നതിലാണ് മാതാപിതാക്കളുടെ വിജയമെന്ന് തെളിയിച്ചിരിക്കുയാണ് ഈ കുടുംബം.