അവയവക്കച്ചവടം; സർക്കാർ ഉദ്യോഗസ്ഥരും ആശുപത്രികളും കേന്ദ്രീകരിച്ച് അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തൃശൂർ: അവയവ കച്ചവട കേസിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. അന്വേഷണ ചുമതലയുള്ള തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും കേസിൽ അന്വേഷണം നടത്തുക. സംസ്ഥാന വ്യാപകമായി അവയവ കച്ചവടക്കം നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാകും ഇതിനായി നിയമിക്കുക.
അന്വേഷണ സംഘത്തെ വിപുലീകരിച്ചുള്ള അന്വേഷണമായിരിക്കും നടക്കുക. അവയവ കച്ചവടത്തിന്റെ ഇടനിലക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.

അനധികൃത ഇടപാടുകളിൽ സർക്കാർ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിയമ പ്രകാരം അവയവ കച്ചവടം തടയുന്നതിനുള്ള ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സംസ്ഥാനത്ത് അവയവദാന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏജന്‍റുമാരുടെ ചതിയിൽപ്പെട്ട് നിരവധിപ്പേർ വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വിൽപ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് മൃതസഞ്ജീവനിയെന്ന പദ്ധതിയുണ്ട്. മരണാനന്തരമുള്ള അവയവദാനമാണ് ഈ പദ്ധതി. ജീവിക്കുമ്പോഴോ, അല്ലങ്കിൽ ഒരാള്‍ മരണപ്പെട്ടാൽ ബന്ധുക്കളുടെ സമ്മതത്തോടെയോ അവയവങ്ങള്‍ രോഗിക്ക് മാറ്റിവയ്ക്കുന്നതാണ് പദ്ധതി. നിയമാനുസൃതമുള്ള ഈ പദ്ധതിയെ അട്ടിമറിച്ച് ഏജന്‍റുമാർ അവയവ കച്ചവടം നടത്തുന്നുവെന്നാണ് ക്രൈം ബ്രാ‍ഞ്ച് കണ്ടെത്തൽ.