തൃശ്ശൂർ: ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍.
10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും സെപ്റ്റംബര്‍ 29ന് ആണ് കസ്റ്റഡിയിലെടുത്തത്. 30 നാണ് കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാന്‍ഡ് പ്രതികളെ കോറോണ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ ഹോസ്റ്റലില്‍ ക്രൂര മര്‍ദനമേറ്റത്.
ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.
കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
മര്‍ദനത്തിന് സാക്ഷിയായിരുന്നു താനെന്നും സുമയ്യ പറഞ്ഞു. ‘അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത്’ എന്ന് പ്രതികളെ കൈമാറുമ്ബോള്‍ പൊലീസ് പറഞ്ഞതു ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ‘
ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ’ എന്നു ചോദിച്ചു മര്‍ദിച്ചു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി. ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മര്‍ദിച്ചതായും സുമയ്യ പറഞ്ഞു.
തലയ്‌ക്കേറ്റ മര്‍ദനവും, ശരീരത്തിലേറ്റ മര്‍ദനവുമാണ് ഷെമീറിന്റെ മരണ കാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയിലാണ് മര്‍ദനമേറ്റിരിക്കുന്നത്.
ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. നാല്‍പതിലേറെ മുറിവുകളും ഉണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.