ന്യൂഡെൽഹി: കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതൽ രാജ്യത്ത് ശിക്ഷാർഹമായ കുറ്റം.ഇതിലൂടെ ഭൂഗർഭ ജലസംരക്ഷണത്തിന് ശക്തമായ നിലപാടെടുത്താണ് ഇന്ത്യ. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിക്കൊണ്ട് ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി(സിജിഡബ്ല്യൂഎ) വിജ്ഞാപനം പുറപ്പെടുവിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ അഞ്ച് പ്രകാരമാണ് സിജിഡബ്ല്യൂഎ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂഗർഭ ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാൾ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വിഷയത്തിൽ 2019 ഒക്ടോബർ അഞ്ചിന് ട്രിബ്യൂണൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിജിഡബ്ല്യൂഎയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.
ഭൂഗർഭജലത്തിൽനിന്ന് എടുക്കുന്ന കുടിവെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജൽ ബോർഡ്, ജൽ നിഗം, മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിൽ, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇനി ദുരുപയോഗമോ പാഴാക്കലോ ഉണ്ടായാൽ അതിനെ നേരിടാനുള്ള മാർഗങ്ങൾ രൂപവത്കരിക്കാനും നിർദേശിക്കുന്നു.
രാജ്യത്തെ ഒരാളും ഭൂഗർഭജലത്തിൽനിന്ന് ശേഖരിക്കുന്ന കുടിവെള്ളം ദുരുപയോഗം ചെയ്യുകയോ പാഴാക്കുകയോ ചെയ്യരുതെന്നും ഒക്ടോബർ എട്ടിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഒരുലക്ഷം രൂപയും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ആകാശ് വസിഷ്ഠയെ ഉദ്ധരിച്ച് ഐഎഎൻഎസ്. റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നിയമലംഘനം ഉണ്ടാകുന്ന പക്ഷം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 പ്രകാരം അധിക ഫൈൻ അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.