കാബൂൾ: താലിബാൻ ആക്രമണത്തിൽ 34 അഫ്ഗാൻ സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഡെപ്യൂട്ടി പൊലീസ് തലവനടക്കം 34 പേർ സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതായി തഖർ പ്രവിശ്യ ആരോഗ്യ ഡയറക്ടർ അബ്ദുൽ ഖയൂം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് ആക്രമണമുണ്ടായത്.
പോരാട്ടം തുടരുകയാണെന്നും താലിബാൻ ഭീകരവാദികൾക്കും നഷ്ടം സംഭവിച്ചെന്നും തഖർ പ്രവിശ്യ ഗവർണറുടെ വക്താവ് ജവാദ് ഹെജ്രി എഎഫ്പിയോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ജില്ലയിൽ മറ്റൊരു ഓപറേഷന് വേണ്ടി പോകുന്നതിനിടെ താലിബാൻ ഭീകരവാദികൾ ഒളിഞ്ഞിരുന്ന് വാഹന വ്യൂഹത്തിന് നേരെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആക്രമണത്തെക്കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ സമാധാന ചർച്ചകൾ ഖത്തറിൽ പുരോഗമിക്കവെയാണ് സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ താലിബാന്റെ ആക്രമണം.