ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 2100 രൂ​പ​ ; കൊറോണ പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ൾ പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കൊറോണ പരിശോധനകൾക്കുള്ള നിരക്ക് കുറച്ചു. ഇതനുസരിച്ച് ആർടിപിസിആർ (ഓപ്പൺ) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100 രൂപയും ആന്റിജൻ ടെസ്റ്റിന് 625 രൂപയും ജീൻ എക്‌സ്‌പർട്ട് ടെസ്റ്റിന് 2500 രൂപയും നിശ്ചയിച്ചു. ആർടിപിസിആർ (ഓപ്പൺ) 2750 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വൺ) 3000 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, എക്‌സ്‌പർട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണു നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്നത്.

സംസ്ഥാനത്തു സ്വകാര്യ ആശുപത്രികളിലെ പരിശോധനയ്ക്ക് അനുമതി നൽകിയപ്പോൾ തന്നെ പരിശോധനകളുടെ നിരക്കും നിശ്ചയിച്ചിരുന്നു. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിങ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാർജുകളും ഉൾപ്പടെയുള്ളതാണ് ഏകീകൃതമായ ഈ നിരക്ക്.

ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐസിഎംആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്താൻ കഴിയൂ. ഈ നിരക്കിൽ കൂടുതൽ ആരും ഈടാക്കരുതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകൾ നിർമിക്കാൻ തുടങ്ങിയതോടെ ഐസിഎംആർ അംഗീകരിച്ച കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാണ്. നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്റ്റെപ്പ് കിയോസ്‌കുകൾ (സ്‌ക്രീനിങ് ടെസ്റ്റിങ് എജ്യുക്കേഷൻ ആന്റ് പ്രിവൻഷൻ കിയോസ്‌ക്) സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.