വിജിലന്‍സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി; വിവാദങ്ങളിൽ കുരുങ്ങി കഴക്കൂട്ടം കോലത്തുകര സ്‌കൂളിലെ ഓഡിറ്റോറിയം

തിരുവനന്തപുരം: വിവാദങ്ങൾ ഒഴിയാതെ കഴക്കൂട്ടം കൊളത്തൂർ കോലത്തുകര സ്കൂളിലെ ഓഡിറ്റോറിയം. 35 ലക്ഷം രൂപയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമ്മിച്ച ഓഡിറ്റോറിയം ഓഗസ്റ്റ് 12 നാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഇക്കാര്യം അദ്ദേഹം ഫെയ്സബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

35 ലക്ഷം രൂപയ്ക്ക് നിർമിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നുവെങ്കിലും പോസ്റ്റ് ഇട്ടതിന് പിന്നാലെ അതിന് താഴെ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി നേരിട്ട് ഇടപെടുകയും വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുകയുമായിരുന്നു.

വസ്തുതകൾ സുതാര്യമാകുന്നതിനായി ഇതേക്കുറിച്ച് വിജിലൻസ് വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായി ഒക്ടോബർ 14 ന് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ മന്ത്രി വിശദീകരിക്കുന്നു.

എന്നാൽ വിവാദമുയർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതേപ്പറ്റി വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. 35 ലക്ഷം രൂപയ്ക്ക് ഓഡിറ്റോറിയം നിർമിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് പൊതുമരാമത്ത് വകുപ്പിനെ ആയിരുന്നു. ഇതിനാലാണ് വിജിലൻസ് അന്വേഷണം നിർദേശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കത്തയച്ചത്.

വിഷയത്തിൽ സുതാര്യത ഉണ്ടാകുന്നത് വരെ എംഎൽഎ ഫണ്ടിൽ നിന്ന് ബില്ല് പാസാക്കേണ്ട എന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. അതേസമയം കരാറുകാർക്ക് ഇതുവരെ ഫണ്ട് പാസാക്കി കൊടുത്തിട്ടുമില്ല.