ബൊഗോട്ട: സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആയിരക്കണക്കിന് തദ്ദേശീയരായ കൊളംബിയൻ നിവാസികൾ തലസ്ഥാന നഗരത്തിൽ ഒത്തുകൂടി. ബൊഗോട്ടയിലെ പ്രസിഡൻഷ്യൽ പാലസിന് മുന്നിൽ തടിച്ച് കൂടിയ ജനക്കൂട്ടം പ്രസിഡന്റ് ഇവാൻ ദുക്കുവിനെ നേരിട്ട് കാണണമെന്ന് ആവശ്യപെട്ടു.
തൊഴിൽ സംഘടനകളും, വിദ്യാർഥി സംഘടനകളും സംയുക്തമായി ബുധനാഴ്ച പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. തദ്ദേശീയ സംഘടനകളും ഇതിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പ്രതിഷേധക്കാരെ കാണാനോ ചർച്ച നടത്താനോ പ്രസിഡന്റ് തയ്യാറായില്ല. മുൻധാരണകൾ ഇല്ലാത്ത ജനാധിപത്യപരമായ ചർച്ചകൾക്ക് വഴങ്ങാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തദ്ദേശീയരായ നേതാക്കൾ പ്രസിഡൻറ് അയച്ച പ്രത്യേക സംഘവുമായി ചർച്ച നടത്താൻ വിസമ്മതിച്ചിരുന്നു. പ്രസിഡൻറ് നേരിട്ട് വരണം എന്നതായിരുന്നു അവരുടെ ആവശ്യം.