തിരുവനന്തപുരം: ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നൂറാം വാർഷികത്തിൽ ആ വഴിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവിന് 97ാം പിറന്നാൾ. രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചതിൻ്റെ നൂറാം പിറന്നാൾ സിപി.എം ആഘോഷിക്കുമ്പോൾ അതിൽ 80 വർഷവും ഒപ്പം നടന്ന ഒരേയൊരാൾ മാത്രമാണ് ഇന്നുള്ളത് -വി.എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.
കൊറോണ മഹാമാരി മൂലം ഇത്തവണ വീട്ടുകാർക്കൊപ്പം ലളിതമായാകും പിറന്നാൾ ആഘോഷം.കുറച്ചുനാൾ മുമ്പുണ്ടായ അസുഖത്തെതുടർന്ന് വിശ്രമത്തിലാണ് വി.എസ്.
ഭാര്യ വസുമതി, മകൻ അരുൺകുമാർ, മകൾ ആശ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിക്കും. പതിവുപോലെ പായസവും. 1923 ഒക്ടോബർ 20ന് ജനിച്ച വി.എസ് 1940 ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്.
തന്ത്രപരമായ നീക്കങ്ങളിലൂടെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനമനസ്സുകളിൽ ഇടംനേടിയ സഖാവ് അച്യുതാനന്ദന് ആയുരാരോഗ്യം നേർന്ന് നിരവധി ഫോൺകോളുകളാണ് തിരുവനന്തപുരത്തെ ‘കവടിയാർ’ ഹൗസിലേക്ക് എത്തുന്നത്.
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വിഎസ് പുറത്തേക്ക് ഇറങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമാകുന്നു. കൊറോണ നിയന്ത്രണങ്ങളും പ്രായാധിക്യവും കാരണം വസതിയിൽ തന്നെയാണ് മുഴുവൻ സമയവും. ഏത് പ്രതിസന്ധിയിലും തന്നിൽ ഊർജം നിറയ്ക്കുന്ന ജനങ്ങളെ കാണാതെ, അവരോട് സംവദിക്കാതെ വിഎസ് കഴിയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതാദ്യമായിട്ടാകാം.
1923 ഒക്ടോബർ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദൻ ജനിക്കുന്നത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വളർത്തുന്നത് സഹോദരിയാണ്. എല്ലാക്കാലവും നിലപാടുകൾ തുറന്നുപറയാൻ അദ്ദേഹം കാണിച്ച ധൈര്യവും ആർജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമർശകരേയും നൽകിയതും. ഈ 97 -ാമത്തെ വയസ്സിലും തനിക്ക് പറയാനുള്ള കാര്യങ്ങളിൽ ഒരു വ്യക്തതക്കുറവും കാണിക്കുന്നില്ല അദ്ദേഹം. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയപ്രശ്നങ്ങളിലെല്ലാം ഇടപെടുന്നതിലും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ജനസമ്മതി നേടിക്കൊടുത്തിരുന്നു.
പതിനൊന്നാമത്തെ വയസ്സിൽ അച്ഛനെ നഷ്ടമായതോടെ പഠനം നിർത്തേണ്ടിവന്നു. പിന്നെ, ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയിൽ ജോലി നോക്കി കുറേനാൾ. അതിനുശേഷം കയർ ഫാക്ടറിയിൽ ജോലിക്ക് കയറി. ഒരു തൊഴിലാളി അനുഭവിക്കുന്ന പ്രശ്നങ്ങൾ അവിടെവെച്ചാണ് അദ്ദേഹം കണ്ടും അനുഭവിച്ചും മനസിലാക്കുന്നത്. അച്ഛൻറെയും അമ്മയുടേയും മരണം വി എസ്സിനെ ഒരു നിരീശ്വരവാദിയാക്കിയിരുന്നു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരി കൊണ്ടപ്പോൾ അതിൽ ആകൃഷ്ടനായ വി എസ് 1938 -ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി. എന്നാൽ, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായതോടെ 1940 -ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.
അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980-92 കാലഘട്ടത്തിലാണ്. 7 തവണ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായി. 2006 മെയ് 18 -ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെയാണ് 2007 മെയ് 26 -ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കുന്നത്. തൽക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 -ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയിൽ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.
1946 -ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പുന്നപ്ര-വയലാർ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്‍ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന സമരത്തിന് നേരെ പട്ടാളവെടിവെപ്പുണ്ടായി. അന്നത്തെ സമരത്തിൽ പങ്കെടുത്തവരിൽ പ്രധാനിയായിരുന്നു. അന്ന് ഒളിവിൽ കഴിയേണ്ടിവന്നു വി എസ്സിന്. പുന്നപ്രയിലെ നിരവധി ക്യാമ്പുകൾക്ക് നേതൃത്വവും നൽകിയിരുന്നു അന്ന്. പക്ഷേ, പിന്നീട് പൂഞ്ഞാറിൽനിന്ന് അറസ്റ്റിലായി. എന്നാൽ, പാർട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് കടുത്ത ക്രൂരതകളനുഭവിക്കേണ്ടതായി. അവസാനം ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കുകയായിരുന്നു പൊലീസ്.
വിജയം മാത്രമല്ല പരാജയവും നിരവധി തവണയറിഞ്ഞിട്ടുണ്ട് പാർലമെൻററി ജീവിതത്തിൽ വി എസ് അച്യുതാനന്ദൻ. 1965-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തോൽവിയായിരുന്നു ഫലം. ആദ്യത്തെ മത്സരവുമായിരുന്നു അദ്ദേഹത്തിനത്. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്ക് അദ്ദേഹം തോറ്റു. എന്നാൽ, 67-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽപിച്ച് അദ്ദേഹം നിയമസഭാംഗമായി. 70 -ൽ ആർ എസ് പിയിലെ കെ കെ. കുമാരപിള്ളയെ വി എസ് തോൽപ്പിച്ചു. എന്നാൽ, 77-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് തോൽവിയേറ്റുവാങ്ങേണ്ടിവന്നു. പിന്നെ നീണ്ട ഇടവേളയെടുത്തു. ശേഷം 91-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്ക് തോൽപ്പിച്ചുകളഞ്ഞു വി എസ്സ്. 96 -ൽ മാർക്സിസ്റ്റു പാർട്ടിയുടെ കോട്ടയെന്ന് തന്നെ വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് തോൽക്കേണ്ടിവന്നു വി എസിന് പിജെ ഫ്രാൻസിസി നോട് ദയനീയ പരാജയമേറ്റുവാങ്ങേണ്ടി വന്നതും ചരിത്രം. സ്വന്തം പാർട്ടിയിലെത്തന്നെ ഒരു വിഭാഗമാണ് അദ്ദേഹത്തിൻ്റെ തോൽവിക്ക് പിന്നിലെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ, അതോടെ വി എസ്സിന് ശക്തമായ പിന്തുണ കിട്ടിത്തുടങ്ങി.കളം മാറിയ വി എസ് 2001-ൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. 2006-ൽ ഇതേ മണ്ഡലത്തിൽ മുന്നത്തെ എതിരാളിയായ സതീശൻ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് തന്നെ അദ്ദേഹം തോൽപ്പിച്ചു.
2006 -ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയത തന്നെയായിരുന്നു കാരണം. എന്നാൽ, വി എസ്സ് തന്നെ മുഖ്യമന്ത്രിയായി. നിരവധി വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ എടുത്ത് പ്രയോഗിക്കപ്പെടാറുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ജനകീയതയ്ക്ക് കോട്ടം തട്ടിയിരുന്നില്ല. ടി പി ചന്ദ്രശേഖരൻ വധത്തെതുടർന്ന് പാർട്ടി പ്രതിരോധത്തിലായ സമയത്ത് വിഎസ് നടത്തിയ ചടുലനീക്കങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കി. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം ടിപിയുടെ വീട്ടിലെത്തിയ വിഎസ് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചു. രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹത്തിൽ വി എസിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന് ഇത്തരം നീക്കങ്ങൾ കാരണമായി. വിഎസാണ് ശരിയെന്ന് സാധാരണക്കാർ പോലും പറഞ്ഞുനടന്ന കാലം. ഈ പ്രായത്തിലും അദ്ദേഹം പറയുന്ന വാക്കുകൾക്ക് കാതോർക്കുന്നുണ്ട് രാഷ്ട്രീയ കേരളം.