കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്ന് പിആര്‍ഒ ജോണ്‍സണ്‍ അറിയിച്ചു.
സജ്‌ന ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഉറക്കഗുളിക അമിതമായതിനാലാണ് നിരീക്ഷണത്തില്‍ വയ്ക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിആര്‍ഒ അറിയിച്ചു.
ബിരിയാണി തയ്യാറാക്കി വാഹനത്തില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയാണ് സജ്‌ന ജീവിച്ചിരുന്നത്. എന്നാല്‍ ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെ ആക്രമിക്കുകയും ഇവരെയും കൂടെയുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെയും അധിക്ഷേപിക്കുകയും ചെയ്തു. ഇതേക്കുറിച്ച് കഴിഞ്ഞദിവസം സജ്‌ന ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. പിന്നീട് നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.