ഭക്ഷ്യക്ഷാമവും ദുരിതങ്ങളും; ഉത്തര കൊറിയ വന്‍ ദുരന്തത്തിലേക്ക്

സോള്‍: ഉത്തരകൊറിയയിൽ ദുരിതങ്ങളുടെ വേലിയേറ്റം. രാജ്യം വന്‍ ദുരന്തത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക രാജ്യമെങ്ങും പടരുന്നു. മൂന്ന് കൊടുങ്കാറ്റുകള്‍, യുഎസ് നേതൃത്വത്തിലുള്ള ഉപരോധം എന്നിവയ്ക്കു പുറമേ കൊറോണ മഹാമാരിയും- വന്‍ ദുരന്തത്തിലേക്കാണ് ഉത്തര കൊറിയ പോകുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. കൊറിയയിലെ 26 മില്യന്‍ ജനങ്ങള്‍ വീണ്ടുമൊരു ഭക്ഷ്യക്ഷാമം കൂടി നേരിടേണ്ടിവന്നേക്കും. 1990ല്‍ ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് ഉത്തര കൊറിയ ഭരിക്കുമ്പോഴും രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപോയിരുന്നു. അതിനു ശേഷം ആദ്യമായാണു ഇത്തരമൊരു പ്രതിസന്ധി വീണ്ടും ഉത്തര കൊറിയയെ തേടിയെത്തുന്നത്.

എന്നാല്‍ പ്രളയം, വെള്ളപ്പൊക്കം എന്നിവയുടെ ഫലമായി രാജ്യം കഠിനമായ പ്രശ്നങ്ങളാണു നേരിടുന്നതെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൃഷിനാശത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനായി കിം ജോങ് ഉന്‍ ഉദ്യോഗസ്ഥര്‍ക്കു നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. എത്ര പേരാണ് ഈ വര്‍ഷത്തെ പ്രകൃതി ദുരന്തങ്ങളില്‍ കഷ്ടത അനുഭവിച്ചത്?- ‘ ഒക്ടോബര്‍ 10ന് സൈനിക പരേഡില്‍ സംസാരിക്കവെ കിം ചോദിച്ചു. കൊറോണ, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്കെതിരായി മുന്നില്‍നിന്നു പ്രവര്‍ത്തിക്കുന്ന നമ്മുടെ സൈനികരുടെ ദേശഭക്തിയെ കണ്ണീരോടെയല്ലാതെ സ്വീകരിക്കാനാകില്ല- സൈനിക പരേഡിലെ വൈകാരികമായ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയയിലെ വിളവെടുപ്പിന് തൊട്ടുമുന്‍പാണു മൂന്ന് കൊടുങ്കാറ്റുകള്‍ വീശിയത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ട് ആഴ്ചയോളം പ്രകൃതി ദുരന്തം കൊറിയയെ തകര്‍ത്തു. ഇതു രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിതരണം താറുമാറാക്കി. യുഎന്‍ കണക്കുകള്‍ പ്രകാരം ഉത്തരകൊറിയയിലെ 40 ശതമാനത്തോളം ജനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിലും കുറവ് ഭക്ഷണമാണു ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പ് മോശമായതും ചൈനയില്‍നിന്നുള്ള ഭക്ഷണ ഇറക്കുമതിയിലെ പ്രശ്നങ്ങളും കൊറോണ രോഗവും ഇതു കൂടുതല്‍ വഷളാക്കി.അതേസമയം കൊറോണ ബാധയെ തുടര്‍ന്ന് ഉത്തര കൊറിയ അതിര്‍ത്തികളെല്ലാം അടച്ചിട്ടു. ഇതോടെ ഇന്ധനം, വളം തുടങ്ങിയവയുടെ ഇറക്കുമതി നിലച്ചു. ഇത് കൃഷിയെയും ബാധിച്ചു.
രാജ്യത്തെ ജനങ്ങള്‍ അവരുടെ സ്വത്തും ഉപകരണങ്ങളും വില്‍ക്കുകയാണ്. വായ്‌പകള്‍ എടുക്കുന്നു. ഔഷധ സസ്യങ്ങള്‍ കണ്ടെത്തുന്നതിനായി മലകളിലേക്കു പോകുന്നു.

ഭക്ഷണത്തിനായി കൊള്ളയടിക്കുന്നു, അതിജീവിക്കുന്നതിനായി വളരെ കുറച്ചു സ്ഥലത്തു മാത്രം കൃഷി ചെയ്യുന്നു- ഉത്തര കൊറിയന്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ പ്രതിനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1994ന് ശേഷം ഉണ്ടായതില്‍ ഏറ്റവും ചെറിയ വിളവെടുപ്പാണ് ഈ വര്‍ഷം ഉത്തര കൊറിയയില്‍ നടന്നത്. കാലാവസ്ഥാ പ്രശ്നങ്ങള്‍ ലോകത്താകെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്, എന്നാല്‍ ഉത്തര കൊറിയയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പര്‍വത പ്രദേശങ്ങള്‍ ഏറെയുള്ള ഉത്തര കൊറിയയിലെ 22 ശതമാനം പ്രദേശത്തു മാത്രമാണു കൃഷി ചെയ്യാന്‍ സാധിക്കുന്നത്.

ലോകരാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഉത്തര കൊറിയ, ചൈനയെ മാത്രമാണു സഹായങ്ങള്‍ക്കായി സമീപിക്കുന്നത്. തൊണ്ണൂറുകളില്‍ പ്രളയവും വരള്‍ച്ചയും കാരണമുണ്ടായ ദാരിദ്ര്യത്തില്‍ ജനസംഖ്യയുടെ പത്തുശതമാനത്തോളം പേര്‍ ഇവിടെ മരിച്ചുവീണു.

വനമേഖലകള്‍ തുടര്‍ച്ചയായി ഇല്ലാതാക്കിയതാണു ഉത്തര കൊറിയയിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതെന്ന് കൊറിയ എന്‍വയോണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ മിയോണ്‍ സൂജോങ് പറഞ്ഞു. 1970 മുതല്‍ കൃഷി ചെയ്യുന്നതിനായി പര്‍വത പ്രദേശങ്ങളിലെ മരങ്ങള്‍ വെട്ടുന്നുണ്ട്. 900,000 ഹെക്ടര്‍ വനപ്രദേശം 30 വര്‍ഷത്തില്‍ ഇല്ലാതായതായും അദ്ദേഹം പറഞ്ഞു.

2018ലെ വേനലില്‍ കൊറിയയിലെ താപനില സാധാരണയിലേതിനേക്കാള്‍ 11 ഡിഗ്രി ആണ് ഉയര്‍ന്നത്. ആ വര്‍ഷം ഓഗസ്റ്റില്‍ കൊടുങ്കാറ്റും പ്രളയവും ഉണ്ടായി. യുഎന്‍ വിവരങ്ങള്‍ പ്രകാരം 42,000 ഏക്കറിലെ വിളകളാണ് ഇങ്ങനെ നശിച്ചത്. പിന്നാലെ രാജ്യത്തെ സമ്ബദ്‍വ്യവസ്ഥ കൂപ്പുകുത്തി. കോവിഡ‍ും പ്രളയവും കാരണം ഈ വര്‍ഷവും സമാനമായിരിക്കും ഉത്തര കൊറിയയുടെ അ‌വസ്ഥയെന്നാണു പ്രവചനങ്ങള്‍. ഉത്തര കൊറിയയിലെ അടുത്ത 20 വര്‍ഷത്തിലെ താപനില കഴിഞ്ഞ മുപ്പതു വര്‍ഷത്തേതിനേക്കാള്‍ 15 ശതമാനംവരെ ഉയരാമെന്നാണ് ദക്ഷിണ കൊറിയന്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.