കോട്ടയം: കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് വിഷയത്തിൽ സിപിഐയിൽ എതിർപ്പ് ശക്തമാകുന്നു. സിപിഐയിലെ പ്രാദേശിക ഘടകങ്ങളിലാണ് എതിർപ്പ് പുകയുന്നത്. എൽഡിഎഫിനൊപ്പം കേരള കോണ്ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ചേർക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സീറ്റ് വിഷയത്തിൽ എതിർപ്പ് ഉയർന്നത്.
സിപിഐ നാളുകളായി മത്സരിക്കുന്ന സീറ്റാണ് കാഞ്ഞിരപ്പള്ളി. നിലവിൽ കേരള കോണ്ഗ്രസ് ജോസ് വിഭാഗത്തിലെ പ്രഫ.എൻ.ജയരാജാണ് ഇവിടുത്തെ എംഎൽഎ. ഈ സീറ്റ് ജോസ് വിഭാഗത്തിനു തന്നെ നൽകുമെന്നാണ് സൂചനകൾ. ഇതിനെതിരെയാണ് മണ്ഡലത്തിലെ സിപിഐയുടെ ശക്തി കേന്ദ്രങ്ങളിൽ എതിർപ്പ് പുകയുന്നത്.
കാഞ്ഞിരപ്പള്ളി, കങ്ങഴ, വാഴൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് എതിർപ്പുമായി അണികൾ രംഗത്തെത്തിയത്. വിവിധ പ്രദേശങ്ങളിലെ പ്രവർത്തകർ തങ്ങളുടെ എതിർപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ തവണ സിപിഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അഡ്വ.വി.ബി ബിനുവിനോട് നേരിയ വോട്ട് വ്യത്യാസത്തിനാണ് ജയരാജ് ജയിച്ചത്.
3000ൽപരം വോട്ടുകൾ മാത്രമായിരുന്നു ജയരാജിന്റെ ഭൂരിപക്ഷം. 2011ലെ തെരഞ്ഞെടുപ്പിൽ ജയരാജിന് 12000നു മുകളിൽ ഉണ്ടായിരുന്ന ഭൂരിപക്ഷമാണ് 3,000മായി കുറഞ്ഞത്. ചിട്ടയോടെ പ്രവർത്തിച്ചാൽ ഇത്തവണ സീറ്റിൽ വിജയിക്കാമെന്നായിരുന്നു സിപിഐയിലെ കീഴ്ഘടകങ്ങളുടെ കണക്കു കൂട്ടൽ. ഇത് ഇല്ലാതാക്കരുതെന്ന അഭിപ്രായമാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള അണികൾ പ്രകടിപ്പിക്കുന്നത്.