ബിഹാർ: തന്റെ ഹൃദയത്തിൽ നരേന്ദ്രമോദിയാണെന്നും താന്‍ അദ്ദേഹത്തിന്റെ ഹനുമാനാണെന്നും വേണമെങ്കില്‍ നെഞ്ചു പിളര്‍ന്നു കാണിക്കാമെന്നും എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്. പരസ്യമായി എൽജെപിയുമായി ധാരണയില്ലെന്ന് പറയുമ്പോഴും മോദിയോടുള്ള വിധേയത്വം ആവര്‍ത്തിച്ച് വിശദീകരിച്ച് ബിജെപിയെ വെള്ളംകുടിപ്പിക്കുകയാണ് ചിരാഗിൻ്റെ തന്ത്രം. കൊറോണ മഹമാരിയിൽ ഇന്ത്യ മുങ്ങി നിൽകുമ്പോൾ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അതിവേഗം കുതിക്കുകയാണ്.
ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തണുപ്പൻ മട്ടിൽ ആയിരുന്നെങ്കിൽ ഇനി പ്രചാരണത്തിന് ആവേശവും കൊഴുപ്പും നൽകാൻ രംഗത്തേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുകയാണ്. 12 റാലികളില്‍ മോദി പങ്കെടുക്കും. സാസാറാമിലും ഗയയിലും ഭാഗല്‍പുരിലുമാണ് ആദ്യ റാലികള്‍.
ജെഡിയുവും ബിജെപിയും ഒറ്റക്കെട്ടാണെന്നും നിതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎയുടെ നേതാവെന്നും ആവര്‍ത്തിച്ച് അടിവരയിടുന്നതാകും മോദിയുടെ ഓരോ പ്രസംഗവേദികളും. എല്‍ജെപി നേതാവ് ചിരാഗ് പസ്വാന് ജെഡിയുവിനെതിരെ മല്‍സരിക്കുന്നത് രഹസ്യധാരണയുടെ ഭാഗമായിട്ടല്ലെന്ന് പരസ്യമായി ആണയിടുകയാണ് ബിജെപി.
ഇത് മുതലാക്കുകയെന്ന തന്ത്രമാണ് ചിരാഗിൻ്റെ പുതിയ നീക്കത്തിന് പിന്നിൽ. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നു ചിരാഗ് വ്യക്തമാക്കി കഴിഞ്ഞു. എന്‍ഡിഎ മുന്നണിയില്‍നിന്നു പുറത്തുചാടിയതിനു പിന്നാലെയാണ് എല്‍ജെപിയുടെ പ്രഖ്യാപനം. എല്ലാക്കാലത്തും താന്‍ ബിജെപിക്ക് ഒപ്പമായിരുന്നു. ഇനിയും ബിജെപിക്ക് ഒപ്പമുണ്ടാകുമെന്ന് ചിരാഗ് ആവർത്തിക്കുന്നു.
28നാണ് ആദ്യഘട്ട വിധിയെഴുത്ത്. പ്രചാരണരംഗം ഇനിയും സജീവമായിട്ടില്ല. അടുത്ത വെള്ളിയാഴ്ച്ച മോദിയുടെ പ്രചാരണത്തിന് ഇറങ്ങുന്നതോടെ കളിമാറുമെന്നാണ് ബിജെപി ക്യാംപ് പറയുന്നത്. സാമൂഹിക അകലം, മാസ്ക് ധരിക്കല്‍ തുടങ്ങി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും റാലികള്‍ നടക്കുക.