വി കെ ജയരാജ് പോറ്റി ശബരിമലയിലെ പുതിയ മേൽശാന്തി

പത്തനംതിട്ട: കൊടുങ്ങല്ലൂർ സ്വദേശി വി കെ ജയരാജ് പോറ്റിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുത്തു. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്.പുതിയ നിയോഗത്തിൽ സന്തോഷമെന്ന് അദ്ദേഹം പ്രതികരിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ശബരിമല സ്‌പെ‌ഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ. പദ്മനാഭൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

കൊറോണ മാനദണ്ഡം പാലിച്ച് 250 തീർത്ഥാടകർക്കാണ് ഒരു ദിവസം ശബരിമലയിൽ ദർശനാനുമതി. 48 മണിക്കൂർ മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയമായ സർട്ടിഫിക്കറ്റ് കൈവശം വേണം. കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ പമ്പയിലും നിലയ്ക്കലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലിൽ ആരോഗ്യ വകുപ്പ് സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകും. ഇതിനായി ദേവസ്വം ബോർഡ് 500 കിറ്റുകൾ വാങ്ങി നൽകി. രണ്ട് സ്വകാര്യ ഏജൻസികളുമുണ്ട്. ഇവർ 625 രൂപ ഈടാക്കും.