ന്യൂഡെൽഹി: ഹാത്രസ് കേസില്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടെയെന്ന് സുപ്രീംകോടതി. ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. വിചാരണ ഡെല്‍ഹിയിലേക്ക് മാറ്റണമെന്നും സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
ഹാത്രസ് കേസ് കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം ആയിരുന്നു. അല്ലങ്കിൽ കുറ്റവാളികൾ രക്ഷപെടുമെന്ന് ഉറപ്പായിരുന്നു.
കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ പൊലീസ് തിടുക്കപ്പെട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദമായിരുന്നു.
സെപ്തംബര്‍ 14നായിരുന്നു ഹാത്രസ് പെണ്‍കുട്ടി വീടിനടുത്ത് വെച്ച് ക്രൂര പീഡനത്തിനിരയാക്കപ്പെട്ടത്. പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ചുകളയുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തിരുന്നു. സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സവര്‍ണ വിഭാഗമായ ഠാക്കുര്‍ സമുദായത്തില്‍ പെട്ടവരാണ് ഈ നാല് പേരും. സെപ്തംബര്‍ 29ന് കുട്ടി മരണപ്പെട്ടതിന് പിന്നാലെ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു.