കൊച്ചി: ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ. കൊറോണ വ്യാപനം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പമ്പയിൽ ഭക്തർക്ക് സ്നാനം അനുവദിക്കരുത് എന്നും ദർശനം വെർച്വൽ ക്യൂ വഴിയാക്കണമെന്നും കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പമ്പയിലും മറ്റും വിരി വയ്ക്കാൻ അനുവദിക്കരുത്. അറുപത് വയസ്സ് കഴിഞ്ഞവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുത്. ഭക്തർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. നിലയ്ക്കലിൽ കൊറോണ ടെസ്റ്റ് നടത്തണം. രോഗം സ്ഥിരീകരിക്കുന്നവരെ ക്ഷേത്രത്തിലേക്ക് പോകാൻ അനുവദിക്കരുത്. കാനന പാതകളിലൂടെ യാത്ര അനുവദിക്കരുത് എന്നും റിപ്പോർട്ടിൽ പറയുന്നു.
സാമൂഹ്യ അകലം പാലിക്കാനുള്ള പ്രത്യേക നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. തന്ത്രിക്കും മേൽശാന്തിക്കും ദേവസ്വം ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചാൽ എന്തുചെയ്യുമെന്ന ആശങ്കയും കമ്മീഷണർ പങ്കുവച്ചിട്ടുണ്ട്. സന്നിധാനത്തിലേക്കുള്ള പാതയിൽ പ്രത്യേക മെഡിക്കൽ സംവിധാനങ്ങൾ സ്ഥാപിക്കണം.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് സജ്ജീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൂടി പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും.