കനൗജ്: ഒരു മോഷണക്കേസില്‍ ശരി എന്താണെന്ന് കണ്ടെത്താന്‍ പൊലീസിനോ കക്ഷിക്കോ കഴിയുമായിരുന്നില്ല.
പക്ഷേ, പോത്തിന് കഴിഞ്ഞു. അതോടെ വലിയൊരു തര്‍ക്കത്തിന് അവസാനമാകുകയും ചെയ്തു.
കനൗജിലെ ജലേശ്വര്‍ നഗരത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ ജലേശ്വര്‍ ടൗണിലെ അലി നഗറിലെ വിരേന്ദ്രയാണ് പരാതി ഫയല്‍ ചെയ്തത്. സുഹൃത്ത് ധര്‍മേന്ദ്ര തന്റെ പോത്തിനെ മോഷ്ടിച്ചുവെന്ന് ആയിരുന്നു വിരേന്ദ്രയുടെ പരാതി. തന്റെ പക്കല്‍ നിന്ന് മോഷ്ടിച്ച പോത്തിനെ ധര്‍മേന്ദ്ര മറ്റൊരാള്‍ക്ക് വിറ്റതായും വിരേന്ദ്ര ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെല്ലാം ധര്‍മേന്ദ്ര നിഷേധിച്ചു. മാത്രമല്ല, ഈ വിവാദ നായകനായ പോത്ത് തന്റെ സ്വന്തം പോത്താണെന്നും ധര്‍മേന്ദ്ര അവകാശപ്പെട്ടു. ഇതോടെ പൊലീസുകാര്‍ ധര്‍മസങ്കടത്തിലായി. ‘പോത്തേ, നിന്റെ ഉടമസ്ഥന്‍ ശരിക്കും ആരാണ്’ എന്ന് ചോദിച്ചാല്‍ പോത്ത് മറുപടി പറയില്ലല്ലോ. ഒടുവില്‍ പൊലീസുകാരുടെ തലയില്‍ ഒരു കിടിലന്‍ ഐഡിയ ഉദിച്ചു.
തിങ്കളാഴ്ച പോത്തിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഒപ്പം, ധര്‍മേന്ദ്രയും വിരേന്ദ്രയും ഉണ്ടായിരുന്നു. ഇരുവരോടും പോത്തിനെ വിളിക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇരുവരുടെയും വിളി കേട്ടുനിന്ന പോത്ത് ഒടുവില്‍ പതിയെ ധര്‍മേന്ദ്രയ്ക്ക് അരികിലേക്ക് പോകുകയായിരുന്നു. ഇതോടെ പോത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണെന്ന വലിയ പ്രശ്നത്തിന് പരിഹാരമായി.
സംഭവത്തെക്കുറിച്ച് സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍ വിജയകാന്ത് മിശ്ര പറഞ്ഞത് ഇങ്ങനെ. “പോത്ത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ഉടമസ്ഥരെ തിരഞ്ഞെടുക്കുന്ന ആശയം പരീക്ഷിച്ചു നോക്കുകയായിരുന്നു. വീരേന്ദ്രയും ധര്‍മേന്ദ്രയും പോത്തിനെ വിളിച്ചപ്പോള്‍ ആദ്യം മൃഗം അവരെ തുറിച്ചു നോക്കി. പിന്നീട്, ധര്‍മേന്ദ്രയുടെ അടുത്തേക്ക് നടന്നു ചെല്ലുകയായിരുന്നു. അതോടെ പ്രശ്നത്തിന് പരിഹാരവുമായി.’
തന്റെ പോത്തിനെ സുഹൃത്ത് മോഷ്ടിച്ചെന്ന് ആയിരുന്നു വിരേന്ദ്ര പരാതി നല്‍കിയത്. പോത്തിനെ മോഷ്ടിച്ചതിനു ശേഷം അതിനെ റസൂലാബാദ് ഗ്രാമത്തിലുള്ള ഒരാള്‍ക്ക് വിറ്റെന്നും പരാതിയില്‍ പറയുന്നു. കന്നുകാലിമേളയില്‍ പങ്കെടുക്കാന്‍ പോയ വിരേന്ദ്ര പോത്തിനെ കാണുകയും അതിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
എന്നാല്‍, ധര്‍മേന്ദ്രയാണ് തനിക്ക് പോത്തിനെ വിറ്റതെന്ന് പുതിയ ഉടമസ്ഥന്‍ വിരേന്ദ്രയെ അറിയിച്ചു. അതേസമയം, തന്റെ പോത്തിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 19,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നെന്ന് ധര്‍മേന്ദ്ര പൊലീസിനെ അറിയിച്ചു.