വാഷിംഗ്ടൺ:ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിൽ വൻ ഇടിവ് പ്രവചിച്ച് ഐഎംഎഫ് (ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്). വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യയ്ക്കുണ്ടാകാൻ പോകുന്നതെന്ന് ഐഎംഎഫ്ന്റെ വേൾഡ് എക്കണോമിക്ക് ഔട്ട്ലുക്ക് പറയുന്നു. 2021 മാർച്ചിലവസാനിക്കുന്ന നിലവിലെ സാമ്പത്തികവർഷം 10.3 ശതമാനം ഇടിവാണ് വളർച്ചാനിരക്കിലുണ്ടാവുക. ജൂണിൽ 4.5 ശതമാനം ഇടിവാണ് നേരത്തെ പ്രവചിച്ചിരുന്നത്.
ഇന്ത്യയിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഇടിവുണ്ടായതായി ഐഎംഎഫ് ചൂണ്ടിക്കാട്ടി. ഇന്ത്യ നടപ്പാക്കിയ ലോകത്തെ ഏറ്റവും വലിയ ലോക്ക് ഡൗൺ, ബിസിനസ്സുകളേയും തൊഴിലുകളേയും തകർത്തു. കോറോണ രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു.
അതേസമയം ചൈന ഈ വർഷം 1.9 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. രാജ്യത്ത് 9.5 ശതമാനം വളർച്ചാനിരക്ക് ഇടിയുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം. 9.6 ശതമാനമെന്ന് ലോകബാങ്കും പ്രവചിച്ചിട്ടുണ്ട്.