ന്യൂഡെല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു നിയമപോരാട്ടം നടത്തിയ മുസ്ലിം വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച ഡെറാഡൂണില്‍ ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുസ്ലിം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണു താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നു ബാനു മാധ്യമങ്ങളോടു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഒരു ടിക്കറ്റ് ലഭിച്ചാല്‍ വേണ്ടെന്നു പറയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2016-ലാണു മുത്തലാഖിനെതിരേ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. 2015 ഒക്ടോബര്‍ 15-ന് സൈറയെ ഭര്‍ത്താവ് റിസ്വാന് അഹമ്മദ് തല്ലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഫോണിലൂടെയായിരുന്നു മൊഴിചൊല്ലല്‍. ഇതിനെതിരെ സൈറയുള്പ്പെടെ കോടതിയെ സമീപിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പിന്നീട് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമനിര്‍മാണം നടത്തി. പാര്‍ട്ടി അംഗത്വം സ്വീകരിച്ചതോടെ, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി അവര്‍ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണു സൂചന.