മുംബൈ: ആരി കോളനിയിലെ 800 ഏക്കർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ സർക്കാർ. മുംബൈ നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിക്കപ്പെടുന്ന കോളനി ആണ് ആരി കോളനി. ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ബിജെപി സർക്കാർ മെട്രോ കാർ ഷെഡിനായി മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ച സ്ഥലമാണ് ഉദ്ദവ് വനമായി പ്രഖ്യാപിച്ചത്.
ആരിയിലെ 2,700 ഓളം മരങ്ങൾ വെട്ടിമാറ്റാനുള്ള അന്നത്തെ സർക്കാർ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്ന് വന്നിരുന്നത്. നിർദ്ദിഷ്ട കാർ ഷെഡ് കാഞ്ചുർമാഗിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയായതിനാൽ പദ്ധതി ചെലവ് വർധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർ ഷെഡ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയിരിക്കുന്നു. ആരിയിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. നഗരത്തിൽ 800 ഏക്കർ കാടുണുള്ളത്. മുംബൈയ്ക്ക് പ്രകൃതിദത്ത വനം ആവശ്യമാണെന്നും ഉദ്ദവ് വിശദീകരിച്ചു. ആരിയിലെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ കേസുകൾ പിൻവലിക്കുമെന്നും ഉദ്ദവ് അറിയിച്ചു.
ചിപ്കോ പ്രസ്ഥാനത്തിന്റെ രൂപത്തിൽ മരങ്ങളെ കെട്ടിപ്പിടിച്ചായിരുന്നു പരിസ്ഥിതി പ്രവർത്തകർ സർക്കാർ വെട്ടിമുറിക്കാൻ ശ്രമിച്ച ആരിയിലെ മരങ്ങളെ സംരക്ഷിച്ചത്. ആരി കോളനിയുടെ ഭാഗമായുള്ള ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റാൻ മുംബൈ മെട്രോ റെയിൽ കോർപറേഷൻ (എംഎംആർസി) തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
മെട്രോ 3 കോറിഡോറിന്റെ ഭാഗമായുള്ള കാർഷെഡ് നിർമിക്കാൻ വേണ്ടിയായിരുന്നു ഇത്. മരംമുറി നീക്കവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതോടെ സ്ത്രീകളും കുട്ടികളും പരിസ്ഥിതി സംഘടനാപ്രവർത്തകരും ഉൾപ്പെടെ മരങ്ങളെ ‘കെട്ടിപ്പിടിക്കാൻ’ എത്തുകയായിരുന്നു.