തിരുവനന്തപുരം: പിടി തോമസ് എംഎൽഎയ്ക്കെതിരെ കരുതിക്കൂട്ടി ചിലർ ആരോപണങ്ങൾ പടച്ചുവിടുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുടികിടപ്പ് സ്ഥലം വിൽക്കാനാവാതെ പ്രതിസന്ധിയിലായ സിപിഎം പ്രവർത്തകന്റെ കുടുംബത്തെ രാഷ്ട്രീയം നോക്കാതെ സഹായിക്കാൻ പോയ പിടി തോമസിനെ ക്രൂശിക്കാൻ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
നാല്പതുവർഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവർത്തകൻ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാൻ സന്നദ്ധനായ പിടി തോമസ് എംഎൽഎയെ ക്രൂശിക്കാൻ വ്യാജപ്രചാരണം നടത്തുകയാണ്. ഇത് കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു ഉമ്മൻ ചാണ്ടി.
കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാർത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. അതിന് പകരം രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടുക്കാൻ ശ്രമിച്ചവർ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ പ്രവൃത്തിയായിരുന്നു അത്.
എംഎൽഎയുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ? കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശൻ. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പിണറായി വിജയൻ വരെയുള്ള കമ്യൂണിസ്റ്റ് സർക്കാരുകൾ ദിനേശന്റ നിലവിളി കേട്ടില്ല. വ്രണിത ഹൃദയനായാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ എംഎൽഎ വിഷയത്തിൽ ഇടപെട്ടത്.
വഴിയാധാരമായ ഒരു പാർട്ടി കുടുംബത്തിന്റെ നിലവിളി മുഖ്യമന്ത്രി ഇനിയെങ്കിലും കേൾക്കാതിരിക്കരുത്. ആ കുടുംബത്തിന് പിടി തോമസ് തയാറാക്കിയ പാക്കേജെങ്കിലും നടപ്പാക്കാൻ മുഖ്യമന്ത്രി തയാറാകണം.
ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങൾ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തിൽ കഴിയേണ്ടവർ അല്ലെന്നും അവർ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവർ ആണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.