വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊതുവേദികളിലേക്ക് തിരികെയെത്തി. ഒമ്പത് ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വീണ്ടും സജീവമാകുന്നത്. കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുപരിപാടികളിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു ട്രംപ്.
ആഹാ ഗംഭീരം!’ , വൈറ്റ് ഹൗസിലെത്തിച്ചേർന്ന നൂറ് കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. ‘എല്ലാവരും പുറപ്പെടൂ, വോട്ട് ചെയ്യൂ, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു’. മാസ്ക് അഴിച്ചു മാറ്റി ബാൽക്കണിയിൽ നിന്നു കൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിൽ നിന്ന് വൈറസ് പകരാൻ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ് ഡോക്ടർ സിയാൻ കോൺലി ശനിയാഴ്ച അറിയിച്ചിരുന്നു. പ്രവർത്തനക്ഷമമായ വൈറസ് സാന്നിധ്യം ഇപ്പോൾ ട്രംപിലില്ലെന്ന് പരിശോധനകൾ സൂചിപ്പിക്കുന്നതായി ഡോക്ടർ കോൺലി വ്യക്തമാക്കി. എന്നാൽ ട്രംപ് പൂർണമായും രോഗ മുക്തനായോയെന്ന കാര്യത്തിൽ ഡോക്ടർ കോൺലി അഭിപ്രായം പറഞ്ഞില്ല. ലക്ഷണങ്ങൾ കുറഞ്ഞ കൊറോണ രോഗികൾക്ക് പത്ത് ദിവസത്തിന് ശേഷം സമ്പർക്കവിലക്ക് ഒഴിവാക്കാമെന്ന് മാർഗനിർദേശമുണ്ട്.
തിങ്കളാഴ്ച ഫ്ളോറിഡയിലും ചൊവ്വാഴ്ച പെൻസിൽവാനിയയിലും ബുധനാഴ്ച ലോവയിലും നടക്കുന്ന പ്രചാരണ പരിപാടികളിൽ ട്രംപ് പങ്കെടുക്കും. വൻ ജനാവലിയെ പങ്കെടുപ്പിച്ച് ട്രംപ് നടത്തുന്ന റാലികളെ എതിർസ്ഥാനാർഥി ജോ ബൈഡൻ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ മരണസംഖ്യ വർധിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലും വൈറസിനെതിരെ രാജ്യം ആധിപത്യം സ്ഥാപിച്ചതായാണ് ട്രംപിന്റെ അവകാശവാദം.