പട്ടിണി നിർമ്മാജന ഇടപെടലുകൾ; സമാധാന നോബേൽ ഐക്യരാഷട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക്

ഓസ്‌ലോ: ഈ വർഷത്തെ (2020) ലെ സമാധാന നോബേൽ ഐക്യരാഷട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക് [ വേൾഡ് ഫുഡ് പ്രോഗ്രാം – ഡബ്ല്യു.എഫ്.പി)]. പട്ടിണി നിർമ്മാജനം ചെയ്യാനായി നടത്തിയ ഇടപെടലുകൾക്കാണ് അംഗീകാരം. പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങൾക്കും സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളിൽ ഒരു പ്രേരകശക്തിയായി പ്രവർത്തിച്ചതിനു’മാണ് സംഘടനയ്ക്ക് പുരസ്‌കാരം നൽകുന്നതെന്ന് നൊബേൽ പുരസ്‌കാര സമിതി അറിയിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി വലിയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനായി പ്രവർത്തിക്കുന്ന ലോകത്തിലെ എറ്റവും വലിയ സംവിധാനമാണ്. 83 രാഷ്ട്രങ്ങളിൽ ഡബ്ല്യൂ എഫ് പി പ്രവർത്തിക്കുന്നുണ്ട്. ഒൻപത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. 10 ദശലക്ഷം സ്വീഡിഷ് ക്രൗൺ (ഏകദേശം 8.26 കോടി രൂപ) ആണ് പുരസ്കാരത്തുക. ഡിസംബർ പത്തിന് ഓസ്ലോയിൽ പുരസ്കാരം സമ്മാനിക്കും.

റോം ആസ്ഥാനമാക്കിയാണ് സംഘടന പ്രവർത്തിക്കുന്നത്. 1963 ലാണ് സംഘടന തുടങ്ങിയത്. അന്താരാഷ്ട്രതലത്തിലുള്ള ഐക്യദാർഢ്യത്തിന്റെയും ബഹുമുഖസഹകരണത്തിന്റെയും ആവശ്യകത കൊറോണയുടെ സാഹചര്യത്തിൽ മറ്റെന്നത്തേക്കാളും പ്രധാനമാണെന്ന് പുരസ്കാരം പ്രഖ്യാപിച്ച് നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർപേഴ്സൺ ബെറിറ്റ് റെയ്സ് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു.