കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ തുടങ്ങി. ഇത് രണ്ടാം തവണയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തുന്നത്.
സ്വർണക്കടത്തിന് പുറമെ യുഎഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ തേടുമെന്നാണ് സൂചന. ഇന്ന് രാവിലെ 10.30 ഓടെ ഹാജരാകാനായിരുന്നു കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നത്. കൃത്യ സമയത്ത് തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. നേരത്തെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലാണ് ശിവശങ്കർ ഹാജാരായിരുന്നത്.
മറ്റുപ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളും നേരത്തെ നൽകിയ മൊഴികളിലും വ്യക്തത വരുത്തുക എന്നതാണ് ശിവശങ്കറിനെ രണ്ടാംതവണയും ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചനകൾ. സ്വർണക്കടത്ത് കേസിൽ എൻഐഎ മൂന്ന് തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
പ്രതിയല്ലാതിരുന്നിട്ടും ശിവശങ്കറിനെതിരേ ഗുരുതര ആരോപണങ്ങളാണ് പ്രാഥമിക കുറ്റപത്രപത്രത്തിൽ ഇഡി ഉന്നയിച്ചിട്ടുള്ളത്. വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി സൂചിപ്പിച്ചിട്ടുണ്ട്. സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിൻറെ കൂട്ടുടമയായ തിരുവനന്തപുരം സ്വദേശിയുമായി ശിവശങ്കർ നടത്തിയ ആശയവിനിമയം സംബന്ധിച്ച് ഇപ്പോഴും ചില ദുരൂഹതകൾ അവശേഷിക്കുന്നുണ്ട്.
ഇതിനുള്ള ഉത്തരം കസ്റ്റംസ് ചോദ്യം ചെയ്യലിൽ ഉണ്ടാവുമോയെന്നാണ് സർക്കാർ ഉറ്റുനോക്കുന്നത്. മറ്റൊരു ഏജൻസിയാണെങ്കിലും ചോദ്യം ചെയ്യലിൽ ഇഡിക്കാവശ്യമായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നാണ് വിവരം. എന്നാൽ ഇഡിക്ക് മുമ്പിൽ ഇതേകുറിച്ച് വ്യക്തമായ ഉത്തരം ശിവശങ്കർ നൽകിയിരുന്നില്ല.
കേസിലെ പ്രതിയായ സ്വപ്നയുമായി മൂന്നുവർഷമായി ശിവശങ്കറിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. സാമ്പത്തികമായി പ്രതിസന്ധിയിലായ സ്വപ്നയ്ക്ക് പല സ്ഥലങ്ങളിൽ നിന്ന് കടമായി ധനസഹായം ശിവശങ്കർ നൽകിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു.
യുഎഇ കോൺസുലേറ്റ് ജോലിയിൽ നിന്നൊഴിഞ്ഞ സ്വപ്ന പിന്നീട് സ്പേസ് പാർക്ക് പ്രൊജക്ടിൽ പ്രവേശിച്ചപ്പോൾ പരിചയപ്പെടുത്തിയതും ശിവശങ്കറാണ്. പ്രധാനപ്രതിയുമായി ഇത്രയും അടുപ്പുമുള്ള ശിവശങ്കറിനെതിരേ ഇതുവരേയും കേന്ദ്ര ഏജൻസികൾ കേസെടുത്തിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ ഇന്നത്തെ കസ്റ്റംസിൻറെ ചോദ്യം ചെയ്യലിന് ശേഷമുള്ള നടപടി എന്തെന്നതാണ് സർക്കാർ ഉറ്റുനോക്കുന്നത്. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഈ കണ്ടെത്തലുകൾ മുഖ്യമന്ത്രിയെയും കേസിൽ ലക്ഷ്യമിടുന്നതായുള്ള സൂചനയാണ് പ്രകടമാക്കുന്നത്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയെ പലതവണ സ്വപ്ന സന്ദർശിച്ചുവെന്ന കണ്ടെത്തലുകളും കേസിൽ നിർണായകമാണ്. ഇതോടെ സ്വർണകടത്ത് കേസ് വീണ്ടും സർക്കാറിനെ വെട്ടിലാക്കുകയാണ്.
ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്തുവെങ്കിലും കേസിൽ പ്രതിചേർക്കുന്ന പക്ഷം സർക്കാറിനെതിരേയുള്ള പ്രധാന ആയുധമായി സ്വർണക്കടത്ത് മാറും. ശിവശങ്കർ വഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള അന്വേഷണത്തിനും ഇതോടെ വാതിൽ തുറക്കും