ലക്നൗ: ജില്ലാ ഭരണക്കൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന ആരോപണവുമായി ഹത്റാസ് പെൺകുട്ടിയുടെ കുടുംബം. വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ജില്ലാ ഭരണക്കൂടം കർശന താക്കീത് നൽകിയെന്ന് കുടുംബം ആരോപിച്ചു. വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ ജില്ലാ ഭരണക്കൂടത്തിന് നിർദേശം നൽകണമെന്നുകാണിച്ച് കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
ജനങ്ങളെ കാണാൻ അനുവദിക്കണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, ഹാത്റസ് പ്രതികൾ അന്വേഷണസംഘത്തിന് കത്തെഴുതി. കുറ്റം ചെയ്തിട്ടില്ലെന്നാണ് നാല് പ്രതികളുടെയും അവകാശവാദം. കൊലപാതകത്തിന് പിന്നിൽ പെൺക്കുട്ടിയുടെ ബന്ധുവെന്നും പ്രതികൾ ആരോപിച്ചു.
പെൺക്കുട്ടിയെ കുടുംബം മർദിച്ചുവെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പെൺകുട്ടി സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് വാദവുമായി ഉത്തർപ്രദേശ് പൊലീസ് മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 13 മുതൽ 104 തവണയാണ് ഇരുവരും ഫോൺ വഴി സംസാരിച്ചത് എന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.