ലക്നൗ : ഹത്രാസ് പീഡന കേസില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. പെണ്‍കുട്ടിയുടെ സഹോദരന് കേസിലെ പ്രധാന പ്രതിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ അന്വേഷണം സഹോദരനിലേക്കും നീളുകയാണ്.ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരനെ ചോദ്യം ചെയ്യണമെന്ന് ബിജെപി നേതാവ് അമിത് മാല്‍വിയ ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോണ്‍ നമ്പറിലേക്ക് പ്രതി അഞ്ചു മാസത്തിനുള്ളില്‍ നൂറിലേറെ തവണ വിളിച്ചതായാണ് കോള്‍ റെക്കോര്‍ഡ് ഉദ്ധരിച്ച് പൊലീസ് വ്യക്തമാക്കുന്നത്. ഇത് ചൂണ്ടികാണിച്ചാണ് മാല്‍വിയ സഹോദരനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
2019 ഒക്ടോബറിനും 2020 മാര്‍ച്ചിനുമിടയില്‍ അഞ്ചു മണിക്കൂറോളം ഇവര്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളിലൊരാളും പ്രതി സന്ദീപും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നതായി ടൈംസ് നൗ പറയുന്നു. ചില സംഭാഷണങ്ങള്‍ 15 മിനിറ്റിലധികം നീണ്ടുനിന്നു. കോള്‍ റെക്കോര്‍ഡുകള്‍ പ്രതിയും ഇരയുടെ കുടുംബവും തമ്മിലുള്ള ബന്ധമുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇത് സ്ഥിരീകരിച്ചിട്ടില്ല.
പെണ്‍കുട്ടിയുടെ സഹോദരന് തന്നെയാണോ സംസാരിച്ചതെന്ന് വ്യക്തമാകാന്‍ കോളുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സഹോദരന്റെ ശബ്ദസാംപിള്‍ ശേഖരിച്ചേക്കും. അതുപോലെ പ്രതികള്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി നിരന്തരം സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നാണ് ചില ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ നിന്ന് ഒരു സാധ്യതയും ഉത്തര്‍പ്രദേശ് പോലീസ് തള്ളിയിട്ടില്ലെന്നാണ് അവകാശവാദം. കോള്‍ വിശദാംശങ്ങള്‍ പുറത്തുവന്നതിനാല്‍ പെണ്‍കുട്ടിയുടെ സഹോദരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.