സ്വർണ്ണക്കടത്ത് ; ഫൈസൽ ഫരീദും റബിന്‍സും ദുബായിൽ അറസ്റ്റിലായി

ന്യൂഡെൽഹി: നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും (36), റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത് . യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്.

ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. ഇയാളുടെ തൃശൂരിലെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു. ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. ഇയാൾ തന്നെയാണു പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു.

നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിൻസ്. ദുബായിൽ ഇയാൾക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വർണം വിറ്റഴിക്കുന്നതിൽ പങ്കുള്ളതായും വിവരം ലഭിച്ചിരുന്നു. ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി, ദുബായിലെ മുഴുവൻ നീക്കങ്ങളും നടത്തിയതു റബിൻസാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു.