ന്യൂഡെല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റേത് തൂങ്ങിമരണമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം. സംഭവത്തില്‍ കൊലപാതക സാധ്യത തള്ളി എയിംസ് മെഡിക്കല്‍ ബോര്‍ഡ് സിബിഐക്കു റിപ്പോര്‍ട്ട് നല്‍കി.
”അത് തൂങ്ങിമരണമാണ്, ആത്മഹത്യ. ഇക്കാര്യം വ്യക്തമാക്കിയ സിബിഐയ്ക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്”- ഫോറന്‍സിക് സംഘത്തിന്റ മേധാവി ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു. തൂങ്ങിയതിന്റേത് അല്ലാതെ ശരീരത്തില്‍ മറ്റു പരുക്കുകളൊന്നും ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
പിടിവലിയോ സംഘട്ടനമോ ഉണ്ടായതിന്റെ ഒരു അടയാളവും ശരീരത്തില്‍ ഇല്ലെന്ന് ഡോ. ഗുപ്ത പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പടുത്തലുകള്‍ നടത്താനാവില്ല. റിപ്പോര്‍ട്ട് സിബിഐയ്ക്കു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂണ്‍ നാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ മുംബൈ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആണ് എത്തിയത്. എന്നാല്‍ സുശാന്ത് കൊല ചെയ്യപ്പെട്ടതാണെന്ന് ഒരു വിഭാഗം ശക്തിയായി വാദിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വന്‍ പ്രചാരണമാണ് നടത്തിയത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കേസ് ഏറ്റെടുത്ത സിബിഐ അറിയിച്ചിരുന്നു.
സുശാന്തിന് വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രചാരണം. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് എയിംസ് സംഘത്തിലെ ഒരു ഡോക്ടര്‍ തന്നോടു പറഞ്ഞതായി സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടത് വിവാദമായിരുന്നു.