ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യം സീറ്റു ധാരണയിലെത്തി

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യം സീറ്റു ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ഒടുവിലാണ് പാര്‍ട്ടികള്‍ ധാരണയിലെത്തിയത്. ഇതനുസരിച്ച് ആകെയുള്ള 243 സീറ്റുകളില്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി 143 സീറ്റുകളില്‍ മല്‍സരിക്കും.

സഖ്യത്തിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ ജനവിധി തേടും. പ്രാദേശിക പാര്‍ട്ടിയായ മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ആര്‍ജെഡി സ്വന്തം അക്കൗണ്ടില്‍ നിന്ന് സീറ്റുകള്‍ നല്‍കും. 10 മുതല്‍ 12 സീറ്റുകളാകും നല്‍കുക. ജെഎംഎമ്മിന് രണ്ട് സീറ്റ് സീറ്റും നീക്കിവെക്കുമെന്നാണ് സൂചന.

മഹാസഖ്യത്തിലുള്ള മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് നല്‍കിയിരിക്കുന്നത്. സിപിഐ എംഎല്‍ 19 ഇടത്തും സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും ജനവിധി തേടും. നിലവിലെ സഭയില്‍ സിപിഐഎംഎല്ലിന് മൂന്ന് എംഎല്‍എമാരുണ്ട്.

കഴിഞ്ഞ തവണ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 ഇടത്ത് വിജയിച്ചിരുന്നു.ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍.