കൊച്ചി: നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ 35 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മൂന്ന് വയസുകാരൻ പൃഥ്വിരാജിൻ്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. യഥാർത്ഥ മരണകാരണം കണ്ടെത്തുന്നതിൽ സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മ നന്ദിനി സമരം തുടങ്ങിയത്.
ചികിത്സാ പിഴവുണ്ടായോയെന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കുമെന്നും കുടുംബത്തിന് വന്ന ചികിത്സാ ചെലവ് പട്ടികജാതി വകുപ്പ് നൽകുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. അമ്മയ്ക്ക് പട്ടിക ജാതി വകുപ്പിന് കീഴിൽ ഏതെങ്കിലും സ്ഥാപനത്തിൽ താൽക്കാലിക ജോലി നൽകാനും ധാരണയായി.
മൂന്ന് വയസുകാരൻ മരിച്ചത് ശ്വാസതടസ്സം കാരണമെന്നാണ് രാസപരിശോധന ഫലം. എന്നാൽ നാണയം വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.