എടത്വാ: കൊറോണ ഭീതിയിൽ ജനങ്ങൾ ആശങ്കയിൽ കഴിയുമ്പോൾ ലോക ജലദിനത്തിൽ പോലും കുട്ടനാട്ടിൽ കുടിവെള്ളമില്ല.
ദാഹജലത്തിനായി പാത്രങ്ങൾ നിരത്തി കാത്തിരിക്കുന്നത് കുട്ടനാട്ടിൽ പതിവ് കാഴ്ചയാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് ആവശ്യാനുസൃതം കുടിവെെള്ള വിതരണം ചെയ്യാൻ
സർക്കാർ ഉത്തരവ് ഉണ്ടായിട്ടും ഇപ്പോഴും കുടിവെള്ളം കുട്ടനാട്ടിൽ പലയിടത്തും കിട്ടാക്കനിയാണ്. കുട്ടനാട്ടിൽ കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞ മാസം 28നാണ് ഉത്തരവ് ഇറങ്ങിയത്. മൂന്നാഴ്ച കഴിഞ്ഞിട്ടും കുടിവെള്ള വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ഈ മാസം 31 വരെ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയും ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പതിനൊന്ന് ലക്ഷം രൂപയും ആണ് ഓരോ ഗ്രാമ പഞ്ചായത്തിനും കുടിവെള്ള വിതരണത്തിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ജി.പി.എസ് ലോഗും വാഹനത്തിൻ്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ചിലവ് തുക വിനിയോഗിക്കേണ്ടതും തദ്ദേശ വകുപ്പിൻ്റെ ജില്ലാതല മേധാവികൾ ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ദുരന്ത നിവാരണ വകുപ്പിൻ്റെ നിബന്ധനകൾ സ്വയം ഭരണ വകുപ്പ് മേധാവികൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
തലവടി തെക്കെക്കരയിൽ പൊതു ടാപ്പിലൂടെ കുടിവെള്ളമെത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ ആകുന്നു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയെ തുടർന്ന് പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നല്കിയിട്ടുണ്ട്. പ്രദേശത്തുള്ളവർ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്.എന്നാൽ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രദേശങ്ങങളിലെ തോടുകളുടെ ആഴം കൂട്ടലിന് തുടക്കമായിട്ടുണ്ട്.