തിരുവനന്തപുരം: സിബിഐയെ കയറൂരിവിടില്ലെന്ന് എൽഡിഎഫ്. അന്വേഷണത്തെ എതിര്‍ക്കാന്‍ ഇടതുമുന്നണി യോഗത്തിൽ തീരുമാനിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങളെ തടയുന്നെന്ന് എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആരോപിച്ചു.
സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സിബിഐയുടെ അന്വേഷണം തടയാനാണ് ഓര്‍ഡിനന്‍സ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. പ്രതിപക്ഷം ഇതു ചെറുക്കും. ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കും. ലൈഫ് അഴിമതിയില്‍ കുടുങ്ങുമെന്ന് കണ്ടാണ് സര്‍ക്കാര്‍ നീക്കം. ഫയല്‍ നിയമസെക്രട്ടറിയുടെ കയ്യിലെന്നും രമേശ് ചെന്നിത്തല.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ഉയര്‍ന്നു വന്ന അഴിമതി ആരോപണത്തിൽ ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ സിബിെഎ ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി സിബിഐ ജോസിന് നോട്ടിസ് നൽകി. അടുത്തമാസം അഞ്ചിന് കൊച്ചി സിബിെഎ ഒാഫിസില്‍ ഹാജരാകാനാണ് നിർദേശം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഫയലുകള്‍ ഹാജരാക്കാനും നിര്‍ദേശം നൽകി.