കൊച്ചി: യുഎഇ കോൺസുലേറ്റിൻ്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ രണ്ടു പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) എറണാകുളം പ്രത്യേക എൻഐഎ കോടതിയെ സമീപിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചും ആറും പ്രതികളായ കെ.ടി. റമീസ്, എ.എം. ജലാൽ എന്നിവരെ നാലു ദിവസം ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ഇ.ഡിയുടെ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
സ്വർണക്കടത്തിനു പിന്നിൽ നടന്ന ഹവാല-ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് ഇ.ഡി അന്വേഷിക്കുന്നത്. നിലവില്‍ സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത്, ഫൈസൽ ഫരീദ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
ചോദ്യം ചെയ്യലിനു ശേഷമാകും ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം തീരുമാനിക്കുക. ഇരുവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കള്ളപ്പണം വെളുപ്പിച്ചതിലും ഹവാല ഇടപാടിലും ഇരുവർക്കും പങ്കുണ്ടോ എന്ന് പരിശോധിച്ച ശേഷമാകും തുടർനടപടിയിലേക്ക് നീങ്ങുക.
ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യും. അതിനിടെ, ബിനീഷ് കോടിയേരിയുടെ സ്വത്ത് വകകള്‍ സംബന്ധിച്ച് രജിസ്ട്രേഷന്വകുപ്പില്നിന്ന് അടുത്ത ആഴ്ചയോടെ വിശദ റിപ്പോര്‍ട്ട് ലഭിക്കും. ഇത് ലഭിച്ചശേഷം ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബി ഐ അന്വേഷണം നടക്കുകയാണെങ്കിലും സംസ്ഥാനം പ്രഖ്യാപിച്ച വിജിലസ് അന്വേഷണവും തുടരാമെന്ന് നിയമോപദേശം. സിബിഐ അന്വേഷണം ആരംഭിച്ചതിനാൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് വാദമുയർന്നിരുന്നു.
ആ സാഹചര്യത്തിലാണ് വിജിലൻസ് നിയമോപദേശം തേടിയത്. വിദേശനാണയ വിനിമയചട്ടലംഘനമാണ് സിബിഐ അന്വേഷിക്കുന്നത്. വിജിലൻസ് പരിശോധിക്കുന്നത് ഇടപാടിലെ കമീഷൻ ഉൾപ്പെടെ കാര്യങ്ങളായതിനാൽ അന്വേഷണം തുടരാമെന്നാണ് നിയമോപദേശം. ഇൗ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം തുടരും.