ചാലക്കുടി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലായി ചാലക്കുടിപുഴയിൽ ചീങ്കണ്ണിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. ശുദ്ധജലത്തിൽ കാണപ്പെടുന്ന മഗ്ഗർ ക്രോക്കഡൈൽ ഇനത്തിൽപ്പെട്ട ചീങ്കണ്ണിയെയാണ് വെള്ളച്ചാട്ടത്തിന്റെ മുകളിലായി കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗങ്ങളിൽ ഇവയെ അടുത്തിടെ കണ്ടെത്തിയിരുന്നു. ഒരു മാസം മുൻപു തുമ്പൂർമൂഴി വിനോദകേന്ദ്രത്തിനു സമീപം ആനമല പാതയിൽ ചീങ്കണ്ണിയെ കണ്ടിരുന്നു. രാത്രിയിൽ പ്രദേശവാസിയായ യുവാവിന്റെ കാറിനു മുൻപിലായി കണ്ട ചീങ്കണ്ണി നാട്ടുകാരെ ഭയപ്പാടിലാക്കിയിരുന്നു.
പുഴയിൽ ചീങ്കണ്ണിയെ കണ്ടിട്ടുണ്ടെങ്കിലും പ്രളയത്തിനു മുൻപു വരെ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു കണ്ടിരുന്നില്ലെന്നാണ് ആദിവാസി വിഭാഗക്കാരായ മീൻപിടുത്തക്കാർ പറയുന്നത്. പറമ്പിക്കുളം മേഖലയിൽ വ്യാപകമായി കാണപ്പെടുന്ന ഇവ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ടു വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തിയതാകാമെന്നാണ് വനം വകുപ്പ് നിഗമനം.