ന്യൂയോർക്ക്: ബ്രിട്ടീഷ് അമേരിക്കൻ ജേർണലിസ്റ്റ് ഹരോൾഡ് ഇവാൻസ് (92) അന്തരിച്ചു. റോയിറ്റേഴ്സിന്റെ ഉന്നതനായ എഡിറ്റർ പദവിയിൽ ഇരിക്കെയാണ് അന്ത്യം. മാധ്യമസ്ഥാപകൻ, പുസ്തക പ്രസാധകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഹരോൾഡ് ഇവാൻസ് അന്വേഷണാത്മക മാധ്യമപ്രവർത്തന ചരിത്രത്തിന്റെ വഴികാട്ടിയായാണ് അറിയപ്പെട്ടിരുന്നത്.
ന്യൂയോർക്കിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ അന്വേഷണങ്ങളിൽ ഒന്നിൽ താലിഡോമിഡ് എന്ന മരുന്ന് മൂലം ജനന വൈകല്യം സംഭവിച്ച നൂറുകണക്കിന് ബ്രിട്ടീഷ് കുട്ടികൾക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. മരുന്ന് നിർമ്മാണത്തിന്റെ ഉത്തരവാദികളായ കമ്പനികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്യാമ്പയിൻ നിരവധി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നേടിക്കൊടത്തു.
സൺഡേ ടൈംസ്,ടൈംസ് ഓഫ് ലണ്ടൻ, റോയിറ്റേഴ്സ് തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിൽ ഇവാൻസ് പ്രവർത്തിച്ചിട്ടുണ്ട്. ദ അമേരിക്കൻ സെഞ്ച്വറി, ദേ മെയ്ഡ് അമേരിക്ക, തുടങ്ങി നിരവധി പുസ്തകങ്ങളുടെ കർത്താവാണ് ഇവാൻസ്.
മാഞ്ചസ്റ്ററിലെ ന്യൂട്ട ഹീത്തിൽ 1928 ജൂൺ 28 ന് ജനിച്ച ഹരോൾഡ് മാത്യു ഇവാൻസ് 16 വയസിൽ പ്രാദേശിക വാർത്തകൾ എഴുതി കൗണ്ടി പത്രങ്ങളെ സഹായിച്ചാണ് മാധ്യമ വൃത്തിയിൽ പ്രവേശിച്ചത്. നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് രാഷ്ട്രമീമാംസയിൽ ബിരുദമെടുത്തു. വിദേശ നയത്തെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധത്തെ വിലയിരുത്തി ഡുറാൻ സർവകലാശാല ഇവാൻസിന് മാസ്റ്റർ ബിരുദം നൽകി. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് എന്ന പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ എന്ന നിലയിൽ പത്രപ്രവർത്തനം തൊഴിലായി സ്വീകരിക്കുകയും ചെയ്തു.
യുഎസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ടിന്റെ എഡിറ്റോറിയൽ ഡയറക്ടർ എന്ന നിലയിലും പ്രവർത്തിചിട്ടുള്ള അദ്ദേഹം 2011 ൽ, 82 വയസുള്ളപ്പോഴാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയിൽ പത്രാധിപരായി ചുമതലയേറ്റത്.