കൊല്ലം: കൊട്ടിയം സ്വദേശി റംസിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് ഇനി എസ് പി കെജി സൈമണിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കും. കേസ് കൈമറിക്കൊണ്ടുള്ള ഉത്തരവ് ഡിജിപി പുറത്തിറക്കി. നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷൻ കൗൺസിലും ഡിജിപിക്ക് പരാതി നൽകിയിരുന്നു.
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസ് മാത്രമല്ല ആത്മഹത്യക്കു പിന്നില്ലെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യത്തെ തുടർന്നാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഹാരിസിന്റെ അച്ഛനെയും അമ്മയേയും ചോദ്യം ചെയ്യണമെന്നും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.
നടി ലക്ഷ്മിയെ രക്ഷപ്പെടുത്താനായി ഉന്നത ഇടപെടലുകൾ നടന്നെന്നും ആക്ഷേപം ഉയർന്നിരുന്നു. സെപ്റ്റംബർ മൂന്നിനാണ് റംസി തൂങ്ങിമരിച്ചത്. ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതി ഹാരിസിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.