ലൈഫ്മിഷന്‍ കമ്മീഷൻ വിവാദം; വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കമ്മീഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. അതേസമയം വിജിലൻസ് അന്വേഷണമല്ല സിബിഐ അന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷം. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

റെഡ് ക്രസന്റുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകളില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തും.

ലൈഫ് മിഷന്‍ പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ അല്ലെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു. റെഡ് ക്രെസന്റിന്റെ 20 കോടി രൂപയാണ് ലൈഫ് മിഷൻ പദ്ധതിക്കായി സഹായം ലഭിച്ചത്. ധാരണ ഒപ്പിട്ട യോഗത്തിന് മിനിട്സ് ഇല്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.

വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കില്‍ പെട്ട സ്ഥലത്ത് 140-ഓളം പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുള്ളതാണ് പദ്ധതി. ഫ്ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആശുപത്രി പണിയുന്നതിനും കരാറുമുണ്ട്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയും കൂട്ടരും നാലര കോടി രൂപ കമ്മീഷനായി കൈപ്പറ്റിയെന്നാണ് ആക്ഷേപം. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഒമ്പതു കോടിയോളം കമ്മീഷൻ അടിച്ചുമാറ്റിയെന്നാണ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചത്.

അതേസമയം വിജിലന്‍സ് അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ലൈഫില്‍ സിബിഐ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണം. സിബിഐ അന്വേഷണത്തെ ഭയമുള്ളതിനാലാണ് ഇപ്പോള്‍ വിജിലന്‍സിന് കൈമാറിയതെന്നും അനില്‍ അക്കര പറഞ്ഞു.