ലഡാക്ക്: ലഡാക് മേഖലയിലെ ദുഷ്ക്കരമായ അതിർത്തിയിലെ പട്രോളിങ്ങിനായി ഒട്ടകങ്ങളെ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. മുതുകിൽ ഒറ്റ മഴയുള്ളതും ഇരട്ട മുഴയുള്ളതുമായ ഒട്ടകങ്ങളെ പരീക്ഷണ അടിസ്ഥാനത്തിലാണ് പട്രോളിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) യുടെ ഗവേഷണാനന്തരമുള്ള നിർദ്ദേശപ്രകാരം, ഇരട്ട മുഴയുള്ള ബാക്ട്രിയൻ ഒട്ടകങ്ങളെ ആണ് പ്രധാനമായും സൈന്യം ആശ്രയിക്കുക.
സമുദ്രനിരപ്പിൽ നിന്നും 12,000 മുതൽ 17,000 അടി ഉയരത്തിൽ വരെ സഞ്ചരിക്കുന്ന ഈ വിഭാഗം ഒട്ടകങ്ങൾക്ക് മൂന്നുദിവസം ജലപാനമില്ലാതെ നിഷ്പ്രയാസം പിടിച്ചു നിൽക്കാൻ സാധിക്കും. ഏതാണ്ട് 12 കിലോമീറ്റർ ദൈർഘ്യമുള്ള പട്രോളിംഗിൽ,170 കിലോ ഭാരം വരെ ഇൗ ഒട്ടകങ്ങൾ ചുമക്കും.
കിഴക്കൻ ലഡാക്കിൽ ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ വിജയകരമായി നടപ്പിലാക്കിയതിനു ശേഷമാണ് ഡിആർഡിഒ ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. ഉടനെ ഇവയെ സൈന്യത്തിൽ ഉൾപ്പെടുത്തുമെന്ന് ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രഭു പ്രസാദ് സാരംഗി പറഞ്ഞു. ഉയർന്ന മേഖലകളിലെ പ്രതിരോധ ഗവേഷണത്തിനു ചുക്കാൻ പിടിക്കുന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ അൾട്ടിട്യൂഡ് റിസർച്ച്, ഇത്തരം ഒട്ടകങ്ങളെ പരമാവധി ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.