കോഴിക്കോട്: അതിതീവ്രമായി പോലീസ് സേനയെ വിമർശിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് വീണ്ടും സസ്പെൻഷൻ. യുവതിക്ക് ഫ്ലാറ്റെടുത്തു നൽകിയെന്നാരോപിച്ച് പൊലീസുകാരന് സസ്പെൻഷൻ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പകപോക്കലാണെന്നാണ് ആരോപണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് 2019 ജനുവരിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഉമേഷ് വള്ളിക്കുന്നിനെയാണ് കഴിഞ്ഞദിവസം വീണ്ടും സസ്പെൻഡ് ചെയ്തത്. എന്നാൽ പൊലീസുകാരനോടുള്ള വ്യക്തിവിദ്വേഷം തീർക്കാൻ സിറ്റി പൊലീസ് കമ്മിഷണർ തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സസ്പെൻഷൻ ഓർഡറിൽ പരാമർശം നടത്തിയതായി യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നൽകി.
തന്റെ മകളെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോവുകയും ഫ്ലാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്തുവെന്ന് യുവതിയുടെ അമ്മ പരാതി നൽകിയിരുന്നു. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരൻ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് യുവതിയെ താമസിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായും ഇത് അച്ചടക്കസേനയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ സേനയ്ക്ക് കളങ്കമുണ്ടാക്കിയതായും സസ്പെൻഷൻ ഓർഡറിൽ പറയുന്നു. എന്നാൽ ഗായികയും സംഗീത സംവിധായികയുമായ താൻ വീട്ടുകാരുമായുള്ള പ്രശ്നം കാരണം നാലുമാസമായി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നുവെന്ന് യുവതി ഉത്തരമേഖലാ ഐജിക്കു നൽകിയ പരാതിയിൽ പറയുന്നു.
പ്രായപൂർത്തിയായ തനിക്ക് സ്വന്തം നിലയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കാൻ അവകാശമുണ്ട്. എന്നാൽ തന്നെ മറ്റൊരാൾ വീടു വാടകയ്ക്കെടുത്ത് താമസിപ്പിച്ചതാണെന്നും സുഹൃത്ത് തന്റെ താമസസ്ഥലത്ത് സ്ഥിരസന്ദർശകനാണെന്നും സിറ്റി പൊലീസ് കമ്മിഷണർ ഒദ്യോഗിക രേഖയിൽ എഴുതിയത് സ്ത്രീത്വത്തെ അപമാനിക്കലാണ്. പൊലീസുകാരനോടുള്ള കുടിപ്പക തീർക്കാൻ പൊതുരേഖയിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശം ഉൾപ്പെടുത്തിയതിന് കമ്മിഷണർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി അയച്ചത്.
‘കാടു പൂക്കുന്ന നേരം’ എന്ന സിനിമയിൽ മാവോയിസ്റ്റ് വിഷയത്തിൽ പൊലീസിനെ പരാമർശിക്കുന്ന സംഭാഷണം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് ഈയിടെ ഉമേഷിന്റെ രണ്ട് ഇൻക്രിമെന്റ് തടഞ്ഞുവച്ചിരുന്നു. പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കും ജാമ്യം നൽകിക്കൊണ്ട് എൻഐഎ കോടതി നടത്തിയ നിരീക്ഷണങ്ങൾ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വായിക്കേണ്ടതാണെന്ന് കഴിഞ്ഞയാഴ്ച ഉമേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി പ്രവർത്തകർ മിഠായിത്തെരുവിൽ അക്രമം നടത്തിയത് തടയാൻ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടുവെന്ന് 2019 ജനുവരിയിൽ ഉമേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ പൊതുഇടത്തിൽ അഭിപ്രായപ്രകടനം നടത്തി എന്ന കുറ്റത്തിന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.