വാങ്ങിയത് കരിമീൻ; കിട്ടിയതിൽ പകുതിയും ഐസ് നിറച്ച മീൻ; നടപടിക്ക് വീട്ടമ്മ

ആലപ്പുഴ: വഴിയോര മീൻ കച്ചവടക്കാരൻ കബളിപ്പിച്ചതായി വീട്ടമ്മ. കിലോയ്ക്ക് 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തൂക്കത്തിൽ കുറവ് വരുത്തുകയും മീൻ മാറി നൽകുകയും ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍ നിന്നാണ് കഴിഞ്ഞ 17ന് വെണ്‍മണി ചെറിയത്ത് ദീബ മീന്‍ വാങ്ങിയത്. മീന്‍ വില്‍പ്പനക്കാരനെതിരെ വീട്ടമ്മ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

4 കിലോ കരിമീനും 1000 രൂപയ്ക്ക് 3 കിലോ കാളാഞ്ചിയുമാണ് വാങ്ങിയത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് 3 കിലോ കാളാഞ്ചിക്കു പകരം രണ്ടരക്കിലോ തിലാപ്പിയായും 4 കിലോ കരിമീനിന് പകരം 2 കിലോ കരിമീനുമാണ് കച്ചവടക്കാരന്‍ നല്‍കിയതെന്ന് മനസ്സിലായത്.

കരിമീനിനു തൂക്കം കൂട്ടാനായി വായില്‍ ഐസ് കട്ടകള്‍ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ദീബ ആനി തോമസ്, ബന്ധു ബ്ലെസണ്‍ ജേക്കബ് എന്നിവര്‍ കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.