ന്യൂഡെൽഹി: ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തിയതിനു പിന്നാലെ നേപ്പാളിന്റെ പ്രകോപനം. തുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറൻസിയിലും ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ഭൂപ്രദേശങ്ങൾക്കായുള്ള അവകാശവാദം നേപ്പാൾ സജീവമാക്കുന്നത്. പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളില്ലെല്ലാം തന്നെ പുതുക്കിയ ഭൂപടം അച്ചടിച്ചു നൽകുമെന്നും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉൾപ്പെടുത്തി പുസ്തകം തയാറാക്കി നൽകിയതായും നേപ്പാൾ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്റിയാൽ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പരമാവധി പ്രചരിപ്പിക്കുകയാണ് നേപ്പാളിന്റെ ഉദ്ദേശ്യമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പാഠ്യ ഭാഗത്തിന് ആമുഖം തയാറാക്കിയിരിക്കുന്നത്. നേപ്പാളിന്റെ ഭൂപ്രദേശങ്ങളും രാജ്യാന്തര അതിർത്തിയും ഉൾപ്പെടുത്തിയുള്ള ഭൂപടം എന്ന നിലയിലാണ് പുതുക്കിയ ഭൂപടം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നത്.