കൊല്ലം: വീരമ്യത്യൂ വരിച്ച അഞ്ചൽ വയല സ്വദേശി ലാൻസ് നായിക് അനീഷ് തോമസിന്റെ ഭൗതികശരിരം പൂർണ സൈനിക ബഹുമതികളോടെ സംസ്ക്കരിച്ചു. തുറന്ന സൈനിക വാഹനത്തിലാണ് അനീഷിന്റെ മൃതദേഹം ജന്മനാട്ടിലെ വീട്ടിലേക്ക് കൊണ്ട് വന്നത്. വീട്ടിൽ പൊതുദർശനത്തിന് അവസരം ഇല്ലായിരുന്നു. അടുത്ത ബന്ധുക്കൾ പങ്കെടുത്ത പ്രാർഥന ചടങ്ങുകൾക്ക് ശഷം മൃതദേഹം പള്ളിയിൽ എത്തിച്ചു.
അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് അനീഷിന്റെ വീട്ടിലും സംസ്കരാച്ചടങ്ങുകൾ നടന്ന പള്ളിയിലും എത്തിയത്. സംസ്ഥാന സർക്കാർ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരം വിമാനത്താവളത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചതിന് ശേഷം മൂന്നോടെയാണ് അനീഷിന്റെ മൃതദേഹം വയലായിൽ എത്തിച്ചത്. ജില്ലാഭരണകൂടം ജനപ്രതിനിധികൾ നാട്ടുകാർ പൊലീസ് എന്നിവർ മർത്തസ്മുനി ഇടവകപള്ളിയിലാണ് അന്തിമ ഉപചാരം അർപ്പിച്ചത്. അന്ത്യശുശ്രൂഷക്ക് ശേഷം പൂർണ ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു.
കശ്മീരിലെ രജൗറിയിലുണ്ടായ പാക് ഷെൽ ആക്രമണത്തിലാണ് അനീഷ് തോമസ് വീരമ്യത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിർത്തി പ്രദേശമായ സുന്ദർബെനിയിലാണ് പാക് ഷെൽ ആക്രമണം ഉണ്ടായത്. പ്രകോപനം ഇല്ലാതെയായിരുന്നു പാക് ആക്രമണം. സെപ്തംബർ 25ന് അവധിക്ക് നാട്ടിലെത്താൻ ഇരുന്നതായിരുന്നു അനീഷ്. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന.