ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ പ്രതിരോധത്തിനായി വാക്സിൻ വികസിപ്പിക്കുന്നതിനു മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയും തീവ്രപരിശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ഒരു വിദഗ്ധ സംഘം വാക്സിൻ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസിനെ കുറിച്ച് ഈ വർഷം ജനുവരി ഏഴിന് ലോകാരോഗ്യസംഘടനക്ക് വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ സർക്കാരും തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഇന്ത്യയിൽ കൊറോണ രോഗം വ്യാപിച്ചാൽ ആവശ്യത്തിനുള്ള മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവയില്ലാതെ രാജ്യം പോരാടേണ്ടി വരുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ അവരുടെയെല്ലാം പ്രവചനത്തിനു വിപരീതമാണ് രാജ്യത്തിന്റെ സ്ഥിതി എന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ കൂട്ടിച്ചേർത്തു.
കൊറോണ പടരുന്നതിനെ നേരിടാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ രാജ്യസഭയിൽ പറഞ്ഞു. കൊറോണ ബാധ മൂലമുള്ള മരണസംഖ്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വളരെ കുറവാണ് എന്നും അദ്ദേഹം വ്യക്തമാക്കി.