തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് സ്വന്തം ഓഫീസിലേക്ക് അന്വേഷണം എത്തുമെന്ന ഭയത്താൽ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് ഭരണത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. സർക്കാർ രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഒരു മന്ത്രി ദേശിയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് വിധേയനായി എന്നുള്ളത് കേരളത്തിന് നാണക്കേടാണെന്നും ആദ്യമായാണ് ഒരു മന്ത്രി എൻ ഐ എ ചോദ്യം ചെയ്യലിന് വിധേയമാകുന്നത്. മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സർക്കാരിന് അധികാരത്തിൽ തുടരാനുളള അവകാശം നഷ്ടപ്പെട്ടു. ഓരോ ദിവസം കഴിയുമ്പോഴും ഒരോ അഴിമതികൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്പ്രിംക്ലർ അഴിമതി മുതൽ ബെവ്കോ അഴിമതി മുതൽ പമ്പയിലെ മണൽക്കടത്തുമായി ബന്ധപ്പെട്ട അഴിമതി, ഇമൊബിലിറ്റി അഴിമതി, പാതയോരങ്ങളിലെ വിശ്രമകേന്ദ്രങ്ങളിലെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാനുളള നടപടികൾ ഉൾപ്പടെ നിരവധി കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പ്രതിക്ഷത്തിന്റെ ആരോപണങ്ങളെ നിസാരവൽക്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
കെടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടാൽ അന്വേഷണം തന്റെ ഓഫീസിലേക്ക് എത്തുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. പ്രതിചേർക്കപ്പെടാതിരുന്ന ഇ.പി ജയരാജന്റെ രാജിയും തോമസ് ചാണ്ടിയുടെ രാജിയും എ.കെ.ശശീന്ദ്രന്റെ രാജിയും എന്തിനു വേണ്ടിയായിരുന്നുവെന്നും അതേ ധാർമികത ജലീലിന്റെ കാര്യത്തിൽ മാത്രം ഉയർത്തിപ്പിടിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസിൽ ഒരു മന്ത്രി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അത് മാധ്യമങ്ങൾ കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.