കോട്ടയം: ഓരോരുത്തരുമായി ബന്ധം. വ്യക്തികളുടെ ഹൃദയത്തിലൊരിടം ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ മുഖത്തിൻ്റെ നിയമസഭ പ്രവേശനത്തിന് ഇന്ന് അമ്പതിൻ്റെ നിറവ്. 1970 മുതല്‍ പുതുപ്പള്ളിയുടെ കണ്ണാടിയായ ‘കുഞ്ഞൂഞ്ഞി’നെ ഇന്ന് മലയാളക്കര ആദരിക്കും. അക്ഷരനഗരിയുടെ മടിത്തട്ടായ മാമ്മന്‍ മാപ്പിള ഹാളിലാണ് സാമൂഹിക- സാമുദായിക- രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ആദരവ് അര്‍പ്പിക്കുന്നത്.
വൈകീട്ട് അഞ്ചിന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സൂവര്‍ണ ജൂബിലിയാഘോഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും.ഉമ്മന്‍ ചാണ്ടിയുടെ അധ്യാപകന് പി.ഐ. ചാക്കോ, ഗുരുസ്ഥാനീയരായ സ്കറിയ തൊമ്മി പറപ്പള്ളി, ശിവരാമന് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും. രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന്, സീറോമലബാർസഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനിസഭാ മേജർ ആർച്ച് ബിഷപ് ബസേലിയോസ് മാർ ക്ലീമിസ്, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ബിഷപ് സെബാസ്റ്റ്യൻ തെക്കത്തുച്ചേരിൽ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ എന്നിവരടക്കം സാമൂഹിക, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ്, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. 4.30ന് ഉമ്മന്‍ ചാണ്ടിയുടെ ജീവിതരേഖ അവതരിപ്പിച്ച് തുടക്കമിടുന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാകും പ്രവേശനം.