തിരുവനന്തപുരം: കാസർകോട് ജില്ലയിൽ ആറുപേർക്കു കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ കാസർകോട്ടുകാർ തയ്യാറാകണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ.
ഇതരജില്ലകളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും കാസർകോട്ടേക്ക് പൊതുവഴികളിലൂടെ വരുന്നവർക്ക് പരിശോധനയ്ക്കുശേഷം കടന്നുവരാനുള്ള സംവിധാനമുണ്ട്. ഇത്തരം പരിശോധനകളിൽനിന്ന് രക്ഷപ്പെടാൻ ആളുകൾ മറ്റുമാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല ചന്ദ്രശേഖരനാണ്.
കാസർകോട്ടെ നിലവിലെ സാഹചര്യമാണ് പ്രത്യേക നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ നിർബന്ധമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.