കണ്ണൂർ: മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര രമേശ് ചെന്നിത്തലയ്ക്കെതിരെ നിയമനടപടിക്ക്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തലയ്ക്ക് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. നേരത്തെ താൻ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതായാണ് ഇന്ദിര പരാതി നൽകിയിരിക്കുന്നത്.
സമൂഹമധ്യത്തിൽ മനപ്പൂർപ്പം അപമാനിക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ടാണ് കെട്ടിച്ചമച്ചതും പച്ചക്കള്ളവുമായ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് പറഞ്ഞ മുഴുവൻ കാര്യങ്ങളും പിൻവലിക്കണമെന്നും മാപ്പു പറയണമെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസ് കിട്ടി രണ്ട് ദിവസത്തിനകം വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾ തിരുത്തണം. അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രിമിനൽ സിവിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകനായ പി യു ഷൈലജൻ മുഖേന അയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.