തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേരു കൂടി പുറത്ത് വരുന്നുണ്ടെന്നും ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആ മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോൾ പുറത്ത് പറയുന്നില്ല. ആ മന്ത്രിയാരെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങൾ തനിക്ക് നൽകാത്തതെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി ധാരണാപത്രം ആവശ്യപ്പെട്ടിട്ടും സർക്കാർ തരാൻ കൂട്ടാക്കത്തത് അടിമുടി അഴിമതി ആയത് കൊണ്ടാണ്. ഇത് ഓർമ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നൽകും.
മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് ഇപ്പോൾ എതിർപ്പാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിർപ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗൾഫിൽ പോയപ്പോൾ എത്ര പണം പിരിച്ചുവെന്നും പുറത്ത് വരേണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം ലൈഫ് മിഷൻ പദ്ധതിയുടെ രേഖകൾ ചെന്നിത്തല ആവശ്യപ്പെട്ടിട്ട് ഒരു മാസം പിന്നിടുന്നു. കരാർ സംബന്ധിച്ച രേഖകൾ ആയിരുന്നു സർക്കാരിനോട് ചെന്നിത്തല ആവശ്യപ്പെട്ടത്. വിവരങ്ങൾ നൽകാത്ത സാഹചര്യത്തിൽ വീണ്ടും കത്ത് നൽകാനാണ് ചെന്നിത്തലയുടെ തീരുമാനം. രേഖകൾ നൽകുന്ന കാര്യത്തിൽ തനിക്ക് ഉത്തരം പറയാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം.