തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നായ ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ. ആറ്റിങ്ങൽ മുടപുരം സ്വദേശി ജയചന്ദ്രൻ നായരാണ് പിടിയിലായത്. ഒളിവിലായിരുന്ന ജയചന്ദ്രനെ തിരുവനന്തപുരം അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നായ കേസിലെ മുഖ്യകണ്ണിയാണ് പിടിയിലാകുന്നുത്. കണ്ടെയ്നര്‍ ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ചായിരുന്നു ഇരുപത് കോടി രൂപ വില വരുന്ന 502 കിലോ കഞ്ചാവ് കടത്തിയത്. ആന്ധ്രയിൽ നിന്നുമാണ് ഇവ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ചത്.
ആന്ധ്രയിലെ കഞ്ചാവ് കടത്തുകാരനായ രാജുഭായിയാണ് കഞ്ചാവ് നൽകിയത്. വടകര സ്വദേശിയായ ജിതിൻ രാജാണ് കഞ്ചാവ് കടത്തിയത്. ജയചന്ദ്രന്റെ കൈവശം സൂക്ഷിച്ച ശേഷം മറ്റുളളവർക്ക് കൈമാറാനായിരുന്നു പദ്ധതി.
വർഷങ്ങൾക്ക് മുമ്പ് ഇയാൾ കളളനോട്ട് കേസിൽ പ്രതിയായിട്ടുണ്ട്. ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസുകാരന്റെ വീടാക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. തടിക്കച്ചവടവും മത്സ്യവ്യാപാരവും നടത്തിയ ശേഷമാണ് ജയചന്ദ്രൻ കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. മത്സ്യം സൂക്ഷിച്ചുവയ്ക്കാനായി ഇയാൾ ഉപയോഗിച്ചിരുന്ന ഗോഡൗണിലേക്ക് കഞ്ചാവ് എത്തിക്കാനായിരുന്നു പദ്ധതി.
ജിതിൻ രാജിന്റേയും രാജു ഭായിയുടേയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ബാബു എന്ന റിസോർട്ട് ഉടമയേയും പിടികൂടിയിട്ടുണ്ട്. ലോറി ഡ്രൈവര്‍ മാരായ കുല്‍ദീപ് സിങ് ,കൃഷ്ണ എന്നീ ഉത്തരേന്ത്യക്കാരെയും എക്സൈസ് പിടികൂടിയിരുന്നു. രാജുഭായിയേയും കഞ്ചാവ് കടത്തിയ കണ്ടെയ്നറിന്റെ ഉടമയേയും കണ്ടെത്താനായി ആന്ധ്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.